കൊല്ലം: കെ.എസ്സ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം സ്റ്റോപ്പിൽ സ്വകാര്യബസിൽ നിന്നും ഇറങ്ങിയ യുവതിയുടെ ബാഗ് തുറന്ന് പണം എടുക്കാൻ ശ്രമിച്ച് തമിഴ് നാടോടി യുവതി പോലീസ് പിടിയിലായി. വെളളിമൺ ശ്യാമളാലയം വീട്ടിൽ രേവതിയുടെ ബാഗ് ആണ് തുറന്ന് മോഷണം നടത്താൻ ശ്രമിച്ചത്. ബാഗ് തുറക്കുന്നത് കണ്ട രേവതി ശബ്ദം ഉയർത്തി ജനശ്രദ്ധ ആകർഷിച്ചത് കൊണ്ട് മോഷണം നടന്നില്ല. ബാഗ് തുറക്കാൻ ശ്രമിച്ച് തമിഴ്നാട് സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തെങ്കാശി റെയിൽവേ പുറമ്പോക്ക് കോളനിയിൽ താമസിക്കുന്ന മീനാക്ഷി എന്നു വിളിക്കുന്ന കാളീശ്വരി (35) ആണ് പോലീസ് പിടിയിലായത്. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, എസ്സ്.ഐ മാരായ രതീഷ്കുമാർ, ബാലചന്ദ്രൻ, സി.പി.ഓ ജലജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.ഇവരെ റിമാന്റ് ചെയ്തു.