ഇടുക്കി: ഇതര സംസ്ഥാനക്കാരിയായ 15കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പെൺകുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് പേരാണ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായത്. മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാർ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്റ്റിലായത്. കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ഇവർക്കെതിരെ മൊഴി നൽകിയത്. രാജകുമാരി, പൂപ്പാറ എന്നീ സ്ഥലങ്ങളിൽ വെച്ച് ഇവർ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. നാല് പേർ ബലാത്സംഗം ചെയ്തെന്ന് നേരത്തെ പെൺകുട്ടി വ്യക്തമാക്കിയിരുന്നു. ശിവ, സുഗന്ധ് അരവിന്ദ് കുമാർ, സാമുവൽ എന്നിവരെ കൂടാതെ പ്രായപൂർത്തിയാകാത്ത രണ്ട് പേരും നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ പെൺകുട്ടി തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.ക്രൂരമായ പീഡനത്തിനാണ് പെൺകുട്ടി ഇരയായതെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ മർദ്ദിച്ച് ഓടിച്ചുവിട്ട ശേഷമായിരുന്നു ക്രൂരപീഡനം. ബിയർ കുപ്പി കാണിച്ച് പെൺകുട്ടിയുടെ വയറ്റിൽ കുത്തിയിറക്കുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ആൺസുഹൃത്തിനെ അവിടെ നിന്ന് ഓടിച്ചത്. പെൺകുട്ടിയെ ഇവർ മർദ്ദിക്കുകയും ചെയ്തു. പിന്നീട് അതുവഴി കടന്നുപോയവർ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയാണ് രക്ഷപെടുത്തിയത്.