പാരിപ്പളളി : പതിനഞ്ച്കാരിയെ ബലാൽസംഗം ചെയ്തയാളെ പത്ത് വർഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപാ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലായെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. തഴുത്തല വില്ലേജിൽ തഴുത്തല ചേരിയിൽ സുബി ഭവനത്തിൽ സുരേഷ് ബാബു മകൻ സുബിൻ ബാബുവിനെ (23) ആണ് ശിക്ഷിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻ കോടതി ജഡ്ജ് കെ.എൻ. സുജിത്ത് ആണ് ശിക്ഷ വിധിച്ചത്. 2017 ഫെബ്രുവരി 28 രാത്രി പ്രതി പതിനഞ്ച്കാരിയുടെ വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ബലാൽസംഗം ചെയ്യുകയായിരുന്നു എന്നതാണ് പ്രോസിക്യൂഷൻ കേസ്. പെൺകുട്ടി പാരിപ്പളളി പോലീസിൽ നൽകിയ പരാതിയിലാണ് ബലാൽസംഗ ത്തിനും പോക്സോയിലെ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തത്. പാരിപ്പള്ളി സബ് ഇൻസ്പെക്ടറായിരുന്നു ഉമറുൾ ഫറൂക്ക് ആണ് കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് അന്നത്തെ പരവൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന എസ്. ഷെറീഫ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർമാരായ അഡ്വ.സുഹോത്രൻ അഡ്വ. സിസിൻ ജി മുണ്ടക്കൽ, അഡ്വ. റ്റി.പി. സോജ തുളസീധരൻ എന്നിവരും പ്രോസിക്യൂഷൻ സഹായികളായി എസ്.സി.പി.ഒ മാരായ ഷീബ.കെ.ജെ, സുബാഷ് എന്നിവരുമാണ് ഹാജരായത്.