കൊല്ലം : വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാള നാടകപ്രേമികളുടെയും സിനിമ പ്രേക്ഷകരുടെയും മനസ്സിൽ ഇടം നേടിയ നടനും സംവിധായകനുമായ കൈനകിരി തങ്കരാജ് വിടവാങ്ങി. വാർധക്യ സഹജമായ അസുഖംമൂലം ചികിത്സയിലായിരുന്നു. സ്വവസതിയിൽ ആയിരുന്നു അന്ത്യം. 1946 ൽ ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ആയിരുന്നു ജനനം. നാടകപ്രവർത്തനങ്ങളുമായി ബന്ധപെട്ടു കൊല്ലത്തെത്തി സ്ഥിരതാമസമാക്കിയ തങ്കരാജ് പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ കേരളത്തിലെ ആപൂര്‍വ്വം നാടകനടന്മാരില് ഒരാളായ തങ്കരാജ് കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നത്.
ഇടക്കാലത്ത് നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെടുത്തിയപ്പോളായിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശം. പ്രേം നസീറും ജയനും ഷീലയും പ്രേംജിയും അഭിനയിച്ച ആനപ്പാച്ചന് ആയിരുന്നു ആദ്യ ചിത്രം. ചിത്രത്തില്‍ പ്രേംനസീറിന്റെ അച്ഛനായി പ്രധാന വേഷത്തിൽ അഭിനയിച്ച് പ്രശംസ പിടിച്ചു പറ്റി .ഈ ചിത്രത്തിനുശേഷം അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യന്, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമാതാരങ്ങൾ അഭിനയിച്ചിരുന്ന ഉദയായുടെ നാടകങ്ങളുടെ സംവിധായകനുമായിരുന്നു അദ്ദേഹം. അതിനുശേഷം വീണ്ടും കെപിഎസിയുടെ നാടകത്തിൽ ചേര്‍ന്നു. നടൻ തിലകനോടൊപ്പവും നിരവധി കരുത്തുറ്റ കഥാപാത്രങ്ങൾ നാടക വേദിക്ക് സമ്മാനിച്ച കൈനകരി തങ്കരാജ് ഏറെ നാള് കഴിയുന്നതിനു മുന്‍പു തന്നെ നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന .ചിത്രത്തില്‍ അവതരിപ്പിച്ച വാവച്ചന് മേസ്തിരി എന്ന കഥാപാത്രത്തെ അദ്ദേഹം അനശ്വരമാക്കി. ഇത് ഏറെ ശ്രദ്ധനേടി .ഏകദേശം 35 ഓളം ചിത്രങ്ങളിലും 40 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അണ്ണന് തമ്പി, ആമേന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാറൽ മാക്സ്, ആയിഷ, മെഡിക്കൽകോളേജ് തുടങ്ങി നിരവധി നാടകങ്ങൾ ജനപ്രീതി നേടിയ നാടക പ്രവർത്തകർക്കിടയിലും സുഹൃദ് ബന്ധങ്ങൾക്കിടയിലും എല്ലാവർക്കും തങ്കരാജ് മാഷ് ആയിരുന്നു
കെ പി എ സി യുടെ “സൂക്ഷിക്കുക ഇടതുവശം പോകുക” എന്ന നാടകത്തിലെ അഭിനയത്തിന് 1983 ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും അദ്ദേഹത്തിന് ലഭിച്ചു മറ്റനവധി അവാർഡുകളും ലഭിച്ചിട്ടുണ്ട് ഭാര്യ രാധാമണി മക്കൾ കവിത ,നികേഷ് അദ്ദേഹം. ഒരു വർഷം മുൻപുവരെ സിനിമകളിൽ അഭിനയിച്ചിരുന്നു. ഏതാനും മാസങ്ങളായി ഒരു സർജറിയ്ക്ക് ശേക്ഷം വീട്ടിൽ വിശ്രമത്തിലിരിക്കെ ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ തിങ്കൽ രാവിലെ ഒൻപതു മണിക്ക് ചന്ദനത്തോപ്പിലെ വസതിയിൽ നടക്കും
