ന്യൂഡല്‍ഹി: പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ചതിന് 22 കാരനായ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍. ഡല്‍ഹി രജൗരി ഗാര്‍ഡനിൽ ബുധനാഴ്ചയാണ് സംഭവം. യുവാവിനെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 22 കാരനായ യുവാവും 20 കാരിയായ പെണ്‍കുട്ടിയും തമ്മില്‍ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു.ഇവർ തിരിച്ച് രജൗരി ഗാര്ഡനിലെത്തിയതറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവിടെയെത്തി. യുവാവിനെ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. പിന്നീട് ഇയാളെ സാഗര്പുറിലുള്ള ഡ്രെയിനേജിൽ ഉപേക്ഷിച്ചു. തുടർന്ന് വഴിയാത്രക്കാരുടെ സഹായത്തോടെ പൊലീസിന് വിവരം ലഭിക്കുകയും യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെണ്‍കുട്ടിയുടെ വീട്ടുകാർക്കെതിരെ രജൗരി ഗാര്ഡന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 22 കാരനായ ഇയാൾ 2 വര്‍ഷം മുമ്പാണ് അകന്ന ബന്ധുകൂടിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു.