കണ്ണനല്ലൂർ: പോലീസിനെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രി 9.30 ന് കുളപ്പാടം തൈക്കാവ് മുക്ക് ജംഗ്ഷന് സമീപം വച്ചാണ് സംഭവം നടന്നത്. പതിവ് പട്രോളിംഗ് ജോലിയിൽ ഏർപ്പെട്ട് വന്ന കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലെ ജീപ്പിലുണ്ടായിരുന്ന സിവിൽ പോലീസുദ്യോഗസ്ഥനായ അരുണാണ് ആക്രമിക്കപ്പെട്ടത്. നെടുമ്പന വില്ലേജിൽ മുട്ടയ്ക്കാവ് നവാസ് മൻസിൽ ലത്തീഫ് മകൻ നൗഷാദ് (കെറു, 48) ആണ് പോലീസ് പിടിയിലായത്. ഇയാൾ ഓടിച്ച് വന്ന ബുളളറ്റ് മോട്ടോർ സൈക്കിൾ പ്രകോപനം ഇല്ലാതെ പോലീസ് ജീപ്പിന് കുറുകെ നിർത്തി അസഭ്യം വിളിക്കുകയായിരുന്നു. ഇയാളെ പിൻതിരിപ്പിരിപ്പിക്കാൻ ശ്രമിച്ച അരുണിന്റെ കൈ പിടിച്ച് തിരിച്ച് തളളി താഴെയിട്ട ശേഷം യൂണിഫോം വലിച്ച് കീറി. ജീപ്പിലുണ്ടായിരുന്ന മറ്റ് പോലീസുദ്യോഗസ്ഥർ ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് ഇയാൾ നല്ലിലയുളള സിനിമാ തീയേറ്ററിൽ എത്തിയതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിയേറ്ററിൽ പോലീസ് നടത്തിയ പരിശോധനയിൽ പിടിയിലാകുകയായിരുന്നു. കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി വിപിൻകുമാറിന്റെ നേതൃത്വത്തിൽ, എസ്സ്.ഐമാരായ സജീവ്, രാജേന്ദ്രൻപിളള തുളസീധരൻപിളള എ.എസ്സ്.ഐ മാരായ സതീഷ്, ബിജു, പ്രദീപ് സി.പി.ഒ മനു എന്നിവർ ചേർന്നാണ് ഇയാളെ പിടി കൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.