കണ്ണനല്ലൂർ : പെൺകുട്ടിയെ ലൈംഗീക ഉദ്ദേശത്തോടെ കടന്ന് പിടിച്ചയാൾ പോലീസ് പിടിയിലായി. മുഖത്തല കുഴിയിൽ അസീസ് മകൻ പാംനവാസ് (52) ആണ് പോലീസ് പിടിയിലായത്. പതിനാറുകാരിയോടാണ് ഇയാൾ ലൈംഗീക അതിക്രമം കാട്ടിയത്. പെൺകുട്ടിയുടെ മാതാവ് നടത്തി വരുന്ന കടയിൽ ഉച്ച നേരത്ത് പെൺകുട്ടി തനിച്ചിരിക്കുമ്പോഴാണ് ഇയാൾ അതിക്രമം കാട്ടിയത്. ആഡംബര കാറിൽ കടയിലെത്തിയ ഇയാൾ പെൺകുട്ടി തനിച്ചാണെന്ന് കണ്ടാണ് അതിക്രമത്തിന് മുതിർന്നത്. പെൺകുട്ടിയെ കടന്ന് പിടിച്ച് സ്വകാര്യ ഭാഗങ്ങളിൽ ബലമായി അമർത്തി തടവി മാനാഹാനി യുണ്ടാക്കുകയായിരുന്നു. കുതറിയോടിയ കുട്ടി വീട്ടിലെത്തി അമ്മയോട് വിവരങ്ങൾ പറഞ്ഞു. ഇരുവരും കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തി നൽകിയ പരാതിയിൽ ഇയാൾക്കെതിരെ അതിക്രമിച്ച് കടന്നതിനും പോക്സോ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ആഡംബര കാർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ മുഖത്തല നിന്നും പിടികൂടുകയായിരുന്നു. കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻകുമാർ യു.പിയുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ സജീവ്, എ.എസ്.ഐ മാരായ സതീഷ്, പ്രദീപ് എസിപിഒ ജീസാ ജയിംസ്, സിപിഒ മാരായ നജീബ്, മനു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.