29 C
Kollam
Monday, June 14, 2021
spot_img

പെരിനാട് പഞ്ചായത്തിലെ 16ാം വാർഡിലെ പത്തോളം കുടുംബങ്ങളുടെ ജീവിതം ദുരിതാവസ്ഥയിൽ

( നീതികിട്ടാൻ കുടുംബങ്ങൾ )

കൊല്ലം ;പെരിനാട് പഞ്ചായത്തിലെ പതിനാറാം വാർഡിലെ പത്തോളം കുടുംബങ്ങളുടെ ജീവിതം ദുരിതാവസ്ഥയിൽ . ഇരുപത്തിയൊന്നു വർഷമായി വെള്ളക്കെട്ടിൽ കഴിയുകയാണ് ഈ കുടുംബങ്ങൾ , ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് നൽകിയ വസ്തുവിൽ സ്വന്തം ചിലവിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെയും വീടുകൾ വെച്ചെങ്കിലും നടക്കാനുള്ള വഴി മാത്രം നൽകിയില്ല. പ്രായമായവരും അസുഖബാധിതരും കുട്ടികളുമടക്കം ചെളിവെള്ളത്തിൽ നീന്തിയാണ് വീട്ടിൽ കയറുന്നത് . പ്രദേശത്തെ വെള്ളക്കെട്ടു ഇവരെ ദുരിതത്തിലാക്കിയിട്ട് വർഷങ്ങളായിട്ടും നടപടിയില്ല . രണ്ടായിരത്തിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് 3 സെന്റ് വസ്തുവീതം പത്തോളം കുടുംബങ്ങൾക്കിവിടെ നൽകി. തുടർന്ന് സ്വന്തം അധ്വാനത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയും കുടുംബങ്ങൾ ഇവിടെ വീടുകൾ വച്ചു. എന്നാൽ അന്നുതുടങ്ങി ഇവരുടെ ദുരിതകാലം , പുഞ്ചയോട ചേർന്നുള്ള സ്ഥലമായതിനാൽ മഴക്കാലത്ത് വീടുകൾ വെള്ളക്കെട്ടിൽ ആകും. വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും അന്നത്തെ എംഎൽഎ ആയിരുന്ന എം എ ബേബിക്കും തുടർന്ന് മന്ത്രിയായ മേഴ്സികുട്ടിയമ്മയ്ക്കും പരാതി നൽകിയെങ്കിലും വെള്ളക്കെട്ടിന് മാത്രം പരിഹാരമുണ്ടായില്ല. നിർദ്ധനരായ കുടുംബങ്ങളെ വാസയോഗ്യമല്ലാത്ത വെള്ളക്കെട്ടായ വസ്തുനൽകി അധികൃതർ പറ്റിക്കുകയും ഒഴിഞ്ഞമൂലയ്ക്ക് തള്ളുകയായിരുന്നുവെന്നും കുടുംബങ്ങൾ പറയുന്നു . വീടുകൾ സ്ഥിതിചെയ്യുന്ന സ്ഥലം വെള്ളക്കെട്ടായതിനാൽ കൊതുകുൾപ്പെടെയുള്ളവയുടെ ശല്യം ഇവരെ വലയ്ക്കുന്നു. കുട്ടികളും പ്രായമായവരുൾപ്പെടെയുള്ളവർ 21 വർഷക്കാലമായി ഈ ദുരിതമനുഭവിച്ചുവരികയാണെന്നും ഇനിയെങ്കിലും പ്രശ്നത്തിന് ഒരു ശാശ്വതപരിഹാരം വേണമെന്നുമാണ് ഇവർ പറയുന്നത്. വെള്ളക്കെട്ട് ദുരിതത്തിനൊപ്പം വഴി ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. പ്രധാനപാതയിൽ നിന്നും ഒരു ചെറുതോടിൻ്റെ കരയിലൂടെയാണ് സ്ഥലത്തെത്തുന്നത്. തോടിനോട് ചേർന്ന് സ്വകാര്യവസ്തുവിൽ കെട്ടിപ്പൊക്കി മതിലിൽ വീഴാതെ പിടിച്ചു ഒരു സാഹസിക യാത്ര നടത്തി വീട്ടിലെത്താൻ തോടിനുമുകളിൽ സ്ലാബിട്ട് നടവഴി ഒരുക്കി നൽകുമെന്ന വാഗ്ദാനവും പാഴ്‌വാക്കായി. ഇതിനൊപ്പം തോടിന് കുറുകെ തീർത്ത തടിപ്പാലത്തിലൂടെ മറുകരകടന്ന സ്ഥലവാസിയായ ഒരു വീട്ടമ്മ ഈ തോട്ടിൽ വീണ് കാലിന് പരിക്ക് പറ്റിയിരുന്നു . കുട്ടികളും മറ്റസുഖങ്ങളുള്ളവരും ആശ്രയിക്കുന്നത് ഈ തടിപ്പാലമാണ് . പെയ്തൊഴിയാത്തമഴ ഇവരെ ദുരിതത്തിലാക്കിയിരിക്കുകയാണ് . തോട്ടിൽ വെള്ളംകയറും, ഒപ്പം വെള്ളക്കെട്ടും അതോടെ ഈ കുടുംബങ്ങളും ഒറ്റപ്പെടും പാമ്പും മറ്റു ജീവികളും എപ്പോഴും വീട്ടിനുള്ളിൽ കയറുകയാണ് ,ഇനി സഹായിക്കാൻ ആരോട് പറയണം എന്ന ചോദ്യമാണ് ഇവർക്ക് മുന്നിലുള്ളത്. ജനങ്ങളെ വെറും വോട്ടുബാങ്കായി കാണുന്ന അധികാരികൾ ഒരുകാര്യം മനസ്സിലാക്കുക , നിങ്ങളുടെ ഓരോ വിജയത്തിന് മുന്നിലും ഇവരുടെ വിരൽത്തുമ്പുകൾ ഉണ്ടായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles