27.9 C
Kollam
Saturday, October 16, 2021

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കീഴടങ്ങി

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപെട്ട കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി. ഈമാസം ഏഴിന് ജയില്‍ചാടിയ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് ഇന്ന് ഉച്ചയോടെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഭാര്യയെ കാണാനാണ് ജയിലില്‍ നിന്നും രക്ഷപ്പെട്ടതെന്നാണ് ജാഹിര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഭാര്യക്കും മകനുമൊപ്പമാണ് ഇയാള്‍ കോടതിയിലെത്തിയത്

ജോലിക്കായി സെല്ലിനു പുറത്തിറക്കിയതിനു പിന്നാലെയാണ് ജാഹിര്‍ ജയിലില്‍നിന്നും രക്ഷപ്പെട്ടത്. ജയില്‍ ചുറ്റുമതിലിനോടു ചേര്‍ന്ന അലക്ക് യന്ത്രത്തിലായിരുന്നു ഇയാള്‍ക്ക് ജോലി. രാവിലെ ഏഴരയ്ക്കാണ് അലക്ക് യന്ത്രത്തിലേക്ക് ഇയാളെ ജോലിക്കായി നിയോഗിച്ചത്. ഇതിനു പിന്നാലെയായിരുന്നു ജയില്‍ ചാട്ടം. അലക്കാന്‍ കൊടുത്ത ഷര്‍ട്ടുമിട്ടായിരുന്നു ഇയാള്‍ പുറത്തുകടന്നത്. ജാഹിര്‍ രക്ഷപെട്ട് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞശേഷമാണ് അധികൃതര്‍ ഇക്കാര്യം അറിഞ്ഞത്. അതിനിടെ, ജാഹിര്‍ നഗരത്തില്‍നിന്നും രക്ഷപെടുകയും ചെയ്തു. പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇയാള്‍ തിരികെയെത്തിയത്.  

മൊയ്തീന്‍ എന്നയാളെ കൊലപ്പെടുത്തി ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍. 2004ല്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ശിക്ഷ.