പുതുച്ചേരി: പോണ്ടിച്ചേരി സർവകലാശാലയിൽ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കോഴിക്കോട് രാമനാട്ടുകര സ്വദേശി അരുണിമ പ്രേം ആണ് മരിച്ചത്. 22 വയസായിരുന്നു. സർവകലാശാലയിലെ ഒന്നാംവര്‍ഷ എം എസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് അരുണിമ.
അരുണിമയുടെ സഹപാഠികളായ അഭിരാമിയും വിമൽ വ്യാസും പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രിയാണ് അപകടം ഉണ്ടായത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുക യായിരുന്നു. ഈസ്റ്റ് കോസ്റ്റ് റോഡില്‍ പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലുള്ള ബോമ്മയാര്പാളയത്തായിരുന്നു അപകടം .അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുണിമയെ ജിപ്മർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ അഭിരാമി ജിപ്മറിൽ ചികിത്സയിലാണ്. സാരമായി പരിക്കേറ്റ വിമൽ വ്യാസ് പോണ്ടിച്ചേരി ഗവ. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. രാമനാട്ടുകര പൂവ്വന്നൂർ പള്ളിക്കു സമീപം രാമചന്ദ്രൻ റോഡിൽ പുതുപറമ്പത്ത് മന്നങ്ങോട്ട് കാനങ്ങോട്ട് പ്രേമരാജന്റെയും കെ പി ശാലിനിയുടെയും മകളാണ് അരുണിമ. സഹോദരന്: അവനിഷ് പ്രേം. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. അരുണിമ കൂട്ടുകാർക്കൊപ്പം താമസസ്ഥലത്തു നിന്നും ഭക്ഷണം കഴിക്കാൻ പോകവെയാണ് അപകടമുണ്ടായത്