രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തിൽ അപകടത്തിൻ്റെ ദൃശ്യം പുറത്ത്
പാലക്കാട്: പാലക്കാട്ട് ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം. അപകടം നടക്കുമ്പോള്‍ തൊട്ട് പിന്നാലെയുണ്ടായിരുന്ന കാറില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നുമാണ് ഇത് വ്യക്തമായത്. വടക്കാഞ്ചേരി ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് അപകടമുണ്ടാക്കിയിരിക്കുന്നത്. ലോറിയെ മറികടക്കാൻ കെഎസ്ആര്‍ടിസി ബസ് പെട്ടന്ന് വെട്ടിച്ചതാണ് അപകടം ഉണ്ടാക്കാൻ കാരണം. ബൈക്കിലുണ്ടായിരുന്ന യുവാക്കള്‍ ബസ് തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ലോറിയില്‍ തട്ടിയതിന് ശേഷം ബസിനടിയില്‍ വീഴുകയായിരുന്നു. അപകട ദൃശ്യങ്ങൾ ലഭിച്ച കുഴല്‍മന്ദം പൊലീസ് ലോറിയും ബസും കസ്റ്റഡിയിലെടുത്തു.