കൊല്ലം/പരവൂര്‍: ഭര്‍തൃപീഡനത്തെ തുടര്‍ന്ന് പരവൂര്‍ ചിറക്കരത്താഴം വിഷ്ണുഭവനില്‍ വിജിത (33) ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവില്‍പ്പോയ ഭര്‍ത്താവ് രതീഷ് പോലിസ് പിടിയില്‍. ചൊവ്വാഴ്ച വൈകീട്ട് കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം വകുപ്പുകള്‍ ചുമത്തി രതീഷിനെതിരെ കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് വീട്ടിനുള്ളിലെ കുളിമുറിയില്‍ വിജിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രതീഷ് തന്നെയാണ് കഴുത്തില്‍നിന്ന് കയര്അറുത്ത് വിജിതയെ ഓട്ടോയില്‍ കൊല്ലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. വിജിതയുടെ സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പില്‍ നടന്നു. കഴിഞ്ഞ സംസ്ഥാന വനിതാ കമീഷന് അംഗം ഷാഹിദാ കമാല്‍ യുവതിയുടെ വീട്ടിലെത്തി ബന്ധുക്കളോട് സംസാരിച്ചു. സംഭവത്തില്‍ കമീഷന് സ്വമേധയാ കേസെടുത്തു. അടിയന്തര നടപടി സ്വീകരിക്കുമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനായി പൊലീസിന് നിര്‍ദേശം നല്‍കിയതായും കമീഷന്അംഗം അറിയിച്ചു. അന്നത്തെ മാനസികാവസ്ഥയില്‍ ശരിയായവിധം മൊഴി നല്‍കാനായില്ലെന്നും വിജിതയുടെ കുട്ടികളില്‍നിന്നും മറ്റു ബന്ധുക്കളില്‍നിന്നും വീണ്ടും മൊഴിയെടുക്കണമെന്നും വിജിതയുടെ അമ്മ റീന ആവശ്യപ്പെട്ടിരുന്നു. അതിനുള്ള നിര്‍ദേശം കമീഷന് പൊലീസിന് നല്കി.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ മുതല്‍ രതീഷ് വിജിതയെ ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നിരന്തരം പീഡനത്തിന് വിധേയയായി. സ്ത്രീധനം ആവശ്യപ്പെട്ടും ഉപദ്രവിച്ചിരുന്നു.തുടര്‍ന്ന് വിജിതയുടെ കുടുംബം വിവാഹമോചനത്തിന് കേസ് നല്‍കിയെങ്കിലും ഇനി ഒരുതരത്തിലുമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നു പറഞ്ഞതിനാല്‍ കേസ് പിന്‍വലിച്ചു. എന്നാല്‍, വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവം തുടങ്ങിയതോടെ 20 പവന് സ്വര്‍ണം നല്കി. പിന്നീട് വീട് വയ്ക്കുന്നതിനായി 25 ലക്ഷം രൂപയ്ക്ക് വസ്തു വാങ്ങി നല്കി. വീടുപണിക്ക് ലക്ഷങ്ങള്‍ നല്‍കുകയും ചെയ്തു. പിന്നെ ഏറെക്കാലം പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കിലും രതീഷിന് മറ്റൊരു യുവതിയുമായി ഉണ്ടായ ബന്ധമാണ് ജീവിതം താളം തെറ്റിച്ചത്. ഇത് വിജിത ചോദ്യംചെയ്തതോടെ ഉപദ്രവം തുടങ്ങി. ഏതാനും മാസം മുമ്പ് ഈ യുവതിയോട് ഭര്‍ത്താവിന്റെ മൊബൈലിലേക്ക് ഇനി സന്ദേശം അയക്കരുതെന്ന് വിജിത പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ രതീഷ് വിജിതയെ യുവതിയുടെ അടുത്തെത്തിച്ച് ആക്രമിച്ച് മാപ്പു പറയിപ്പിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. 10 മാസം മുമ്പ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ വിജിതയുടെ താടിയെല്ലിന് ക്ഷതമേറ്റിരുന്നു.
വെള്ളിയാഴ്ച വിജിതയുമായി രതീഷ് വാക്കുതര്‍ക്കം ഉണ്ടാകുകയും മര്‍ദിക്കുകയുംചെയ്തു. തുടര്‍ന്ന് വിജിത മുറിക്കുള്ളില്‍ കയറി കതകടച്ച ശേഷം ശുചിമുറിയില്‍ തൂങ്ങുകയായിരുന്നു.