തിരുവനന്തപുരം : സംസ്ഥാനത്തെ 32 വാർഡുകളിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി. ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫും പിറവം നഗരസഭാ ഭരണം എല്‍ഡിഎഫും നിലനിര്‍ത്തി. ഇരിങ്ങാലക്കുട നഗരസഭയിലെ 18-ാം വാര്‍ഡായ ചാലാംപടം ഉപതിരഞ്ഞെടുപ്പില്‍ 151 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. നഗരസഭയിലെ യുഡിഎഫിനും എല്‍ഡിഎഫിനും അംഗബലം തുല്യമായിരുന്നതിനാൽ ഉപതിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമായിരുന്നു. ആലപ്പുഴ അരൂര്‍. പാലക്കാട് ശ്രീകൃഷ്ണപുരം, കോഴിക്കോട് നന്മണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു.
പിറവം നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ഇടപ്പള്ളിച്ചിറ വാര്‍ഡിലേക്ക് നടന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പില്‍ 26 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിന്റെ ഡോ അജേഷ് മനോഹര്‍ വിജയിച്ചത്. ഇവിടെ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ അംഗബലമായിരുന്നതിനാൽ 14-ാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണം പിടിക്കാന്‍ ഇരുകൂട്ടര്‍ക്കും നിർണായകമായിരുന്നു. ഇടമലക്കുടിയിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചു. മലപ്പുറത്ത് അഞ്ച് പഞ്ചായത്തുകളിൽ അഞ്ച് വാർഡുകളിലേക്ക് നടന്ന ഉപതിരെഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിച്ചു. കൊച്ചി കോര്‍പറേഷനിലെ ഗാന്ധിനഗര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ ബിന്ദു ശിവന് കോണ്‍ഗ്രസിലെ പി.ഡി മാര്‍ട്ടിനെ 687 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്പിച്ചു. സിപിഎമ്മിലെ കെ.ശിവന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.കോട്ടയം കാണക്കാരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. ഒൻപതാം വാർഡിൽ 338 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിച്ചു.
സിപിഎമ്മിലെ വി.ജി അനില്‍കുമാറാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് സിപിഎം പിടിച്ചെടുക്കുകയായിരുന്നു. മാഞ്ഞൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ സുനു ജോർജ് 252 252 വോട്ടിന് വിജയിച്ചു. കഴിഞ്ഞ തവണ കോൺഗ്രസിന് 112 വോട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു ഇവിടെ ഉണ്ടായിരുന്നു.കാസർഗോഡ് കാഞ്ഞങ്ങാട് നഗരസഭയിലെ 30-ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ ബാബു വിജയിച്ചു. എല്‍ഡിഎഫിലെ കെ.വി സുഹാസിനെ 116 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ഇതോടെ വാർഡ് യുഡിഎഫ് നിലനിർത്തി.കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് ജയിച്ചു. ലിന്റോ ജോസഫ് തിരുവമ്പാടി എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്.തിരുവനന്തപുരം കോർപ്പറേഷൻ വെട്ടുകാട് ഡിവിഷനിൽ എൽഡിഎഫിനാണ് വിജയം. സി.പി.ഐ.എം സ്ഥാനാർഥി ക്ലൈനസ് റൊസാരിയോ 1490 വോട്ടുകൾക്കാണ് ഡിവിഷൻ നില നിർത്തിയത്.എല്ലാ ബൂത്തുകളിലും മികച്ച പോളിംഗ് ആണ് നടന്നത്. 32 തദ്ദേശ വാർഡുകളിലായി 115 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 367 പോളിംഗ് ബൂത്തുകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.