കോട്ടയം: കൊവിഡ് ലോക്ക് ഡൗൺ കാലത്ത് അനാവശ്യമായി ചില പൊലീസ് ഉദ്യോഗസ്ഥർ കാട്ടുന്ന പിടിവാശി പൊലീസിന്റെ പേരുകളയുന്നു. അരിയും പച്ചക്കറിയും വാങ്ങി നൽകിയും കാണാതായ സൈക്കിൾ കണ്ടെത്തിയും, പകരം പുതിയത് വാങ്ങി നൽകിയും ജനകീയ മുഖം നേടുന്ന പൊലീസിനെ വികൃതമാക്കുകയാണ് ചുരുക്കം ചില പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തികൾ. നേരത്തെ വിവിധ സ്ഥലങ്ങളിൽ പൊലീസിന്റെ കൊവിഡ് ലോക്ക് ഡൗൺ കാലത്തെ പിടിവാശികൾ വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ലോക്ക് ഡൗണിൽ ചങ്ങനാശേരിയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരം പുറത്തു വരുന്നത്. നെഞ്ചു വേദനയെ തുടർന്നു ആശുപത്രിയിൽ പോയ യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി പെറ്റിയടിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പൊലീസിനെതിരെ പ്രചരിക്കുന്നത്. അതും ആശുപത്രി ചീട്ടും, ഇസിജിയുടെ പേപ്പറും കാണിച്ചിട്ടും മനസലിയാത്ത പൊലീസിൽ നിന്നും നേരിട്ട അപമാനം സംബന്ധിച്ച് യുവാവ് തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം വൈറലായി മാറിയത്.
കഴിഞ്ഞ ദിവസമായിരുന്നു പരാതിയ്ക്കിടയാക്കിയ സംഭവം. നെഞ്ച് വേദനയെ തുടർന്നാണ് യുവാവ് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പോയത്. ഇതിനിടെയാണ് വാഹന പരിശോധന കണ്ടത്. ഇവിടെ എത്തിയ യുവാവ് ആശുപത്രിയിൽ പോയതാണ് പറഞ്ഞിട്ടും , ആദ്യം 1000 രൂപയടക്കാൻ പറഞ്ഞു. ഇല്ലന്ന് പറഞ്ഞപ്പോൾ 500 ആക്കി. പണമില്ലെന്നു പറഞ്ഞപ്പോൾ നീ അനുഭവിക്കും എന്നായി പൊലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി. ആശുപത്രിയിൽ പോകുകയായിരുന്നുവെന്നാണ് പൊലീസ് സംഘത്തെ അറിയിച്ചത്. ഇതു സംബന്ധിച്ചുള്ള രേഖകളും ഇദ്ദേഹം പൊലീസിനെ കാണിച്ചു. എന്നിട്ടു പോലും പൊലീസ് സംഘം ഇയാളെ വിടാൻ തയ്യാറായില്ല. തുടർന്നു പെറ്റിയടിച്ച രസീത് നൽകിയാണ് വിട്ടയച്ചത്. കൊവിഡ് ലോക്ക് ഡൗൺ ലംഘിച്ചെന്നുള്ള കാരണം ചൂണ്ടിക്കാട്ടിയാണ പിഴ ചുമത്തിയത്