കൊല്ലം : ശാസ്താംകോട്ട തടാകത്തിന് തകർത്തുപെയ്ത മഴയിൽ പുനർജനി. സംസ്ഥാനത്തെ വലിയ ശുദ്ധജല തടാകവും റംസാർ സൈറ്റുമായ തടാകത്തിൽ വ്യാഴവട്ടത്തിനുശേഷം ചൊവ്വാഴ്ച ഏറ്റവും ഉയർന്ന ജലനിരപ്പ് രേഖപ്പെടുത്തി–-15.95 മീറ്റർ. 2007 നവംബറിൽ 16.50 മീറ്റർ വരെ ജലനിരപ്പ് രേഖപ്പെടുത്തിയിരുന്നു. കടുത്ത വരൾച്ചയും അമിത ജലചൂഷണവും മണ്ണെടുപ്പും കാരണം 2017 ഏപ്രിലിൽ ചരിത്രത്തിലെ താഴ്ന്ന ജലനിരപ്പിലേക്ക് (11.36 മീറ്റർ) എത്തി. ശക്തമായ മഴ ലഭിച്ചതോടെ നവംബർ ഒന്നിന് തടാകം തെളിനീരണിഞ്ഞു. 15.43 മീറ്ററായിരുന്നു ജലനിരപ്പ്. ഡിസംബർ ഒന്നിന് 15.84 ആയി ഉയർന്നു. 1997ൽ ആണ് തടാകം വരണ്ടു വീണ്ടുകീറി തുടങ്ങിയത്.

പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ പുഞ്ചപ്പാടങ്ങളിലെ മണൽഖനനം തടാകത്തിന് ജീവൻ പകർന്നിരുന്ന ഭൂഗർഭജലത്തെ മണൽക്കുഴികളിലേക്ക് ഒതുക്കി. പടിഞ്ഞാറെ കല്ലട, ശാസ്താംകോട്ട, മൈനാഗപ്പള്ളി പഞ്ചായത്തുകളിൽ 20 കിലോമീറ്ററിൽ പരന്നൊഴുകിയ ജലാശയത്തിന്റെ സ്വാഭാവിക സംരക്ഷണ വലയങ്ങളായിരുന്ന മൊട്ടക്കുന്നുകളും മണൽമാഫിയ ഇടിച്ചുനിരത്തി. ഇതോടെ 2010ൽ കിലോമീറ്ററുകൾ ഉൾവലിഞ്ഞ് കൺവെട്ടത്തേക്ക് ഈ ജലസ്രോതസ്സ് ചുരുങ്ങി. പ്രതിദിന പമ്പിങ് മൂന്നുദിവസത്തിൽ ഒരിക്കലായും ചുരുങ്ങി. നിലവിൽ മൈനാഗപ്പള്ളി, ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക്, തേവലക്കര, നീണ്ടകര, ചവറ, പന്മന, പഞ്ചായത്തുകളിലും കൊല്ലം കോർപറേഷനിലും ഉൾപ്പെടെ അഞ്ചരലക്ഷത്തോളം പേർക്കാണ് ഇവിടെനിന്ന് കുടിവെള്ളം ലഭ്യമാക്കുന്നത്. പ്രതിദിനം അഞ്ചരക്കോടി ലിറ്റർ ജലമാണ് തടാകത്തിൽനിന്നു വിതരണംചെയ്യുന്നത്. ജലനിരപ്പ് ഉയർന്നതോടെ വേനൽക്കാലത്തും തടസ്സം കൂടാതെ വെള്ളം വിതരണംചെയ്യാൻകഴിയും