പക്ഷെ, ഇത് വിഡ്ഢികളുടെ ദിനമല്ല. വിഡ്ഢികള്‍ക്കുള്ള ദിനവുമല്ല. വിഡ്ഢികളാക്കുന്നവരെയോ വിഡ്ഢികളാക്കപ്പെടുന്നവരുടെയോ ദിവസവുമല്ല. ആത്മവിമര്‍ശനത്തിന്റെ ദിനമാണ് ഏപ്രില്‍ ഒന്ന്.
സ്വന്തം മണ്ടത്തങ്ങളെക്കുറിച്ച് ഓര്‍ത്ത് ചിരിക്കാനൊരു ദിവസം. ജീവിതത്തില്‍ ഒരിക്കലെങ്കിലും വമ്പന്‍ അബദ്ധങ്ങളോ മണ്ടത്തങ്ങളോ വിഡ്ഢിത്തങ്ങളോ പറ്റാത്തവരുണ്ടോ? വര്‍ഷത്തിലെ 364 ദിവസവും നമ്മള് എന്തായിരുന്നു എന്ന് ചിന്തിക്കുന്ന ദിവസമാണ് ഏപ്രില്‍ ഒന്ന്- പ്രശസ്ത എഴുത്തുകാരന് മാര്‍ക്ക് ട്വയിന്റെ വാക്കുകളാണിവ.
സര്‍വലോക വിഡ്ഢിദിനം തമാശകളുടെയും പ്രായോഗിക നര്‍മ്മത്തിന്റെയും പ്രവര്‍ത്തന ദിനമാണ്. അന്ന് കാണിക്കുന്ന കുസൃതികളും വിഡ്ഢിയാക്കാനുള്ള ശ്രമങ്ങളും എല്ലാവരും ലാഘവത്തോടെയേ കാണാറുള്ളു.
സ്കൂള്‍ അടച്ചു കഴിഞ്ഞു. മുതിര്‍ന്നവരെ ഏപ്രില്‍ ഫൂളാക്കാന് തക്കം പാര്‍ത്തിരിക്കുകയാണ് കുട്ടികള്‍. കൂട്ടുകാരെയും അവര്‍ വെറുതേവിടില്ല. കളിയില്‍ ബാപ്പ മോനാവും എന്നാണല്ലോ ചൊല്ല്. അച്ഛനമ്മമാര്‍ ഏപ്രില്‍ ഫൂളാക്കാന് തെരഞ്ഞെടുക്കുന്നത് പലപ്പോഴും മക്കളെത്തന്നെയാണ്. അതാണല്ലോ എളുപ്പവും.
ലോകമെങ്ങും ഈ ദിനത്തില്‍ വമ്പന്‍ ഫൂളാക്കല്‍ കളികള്‍ നടക്കാറുണ്ട്. കമ്പ്യൂട്ടര്‍ മോണിട്ടറിലൂടെ ഇഷ്ടപ്പെട്ട സുഗന്ധം നല്കാന് കഴിയുന്ന സോഫ്റ്റ് വെയര്‍, വാന്‍കൂവര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശൂന്യാകാശ വാഹനം എന്നിവ ഈയടുത്ത കാലത്തുണ്ടായ ഏപ്രില്‍ ഫൂള്‍ തമാശകളാണ്.
വിഡ്ഢിദിനത്തിന്റെ തുടക്കത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ അല്ലാതെ വിശ്വസനീയമായ ഒരറിവും ഇല്ല. മാര്‍ച്ച് 21 ലെ വസന്തകാല വിഷുവിനോട് അനുബന്ധിച്ചുണ്ടായ ഒരാചാരമാണിതെന്ന് ഒരു വിഭാഗം പറയുന്നു.
കബളിപ്പിക്കല്‍ ശീലമാക്കിയ ആളുകള്‍ക്ക് ഇന്ന് ഇന്റര്‍നെറ്റ് അതിനുള്ള നല്ലൊരു വേദിയാണ്. ഇന്റര്‍നെറ്റിലൂടെ ഏപ്രില്‍ ഫൂള്‍ തമാശകള്‍ ഞൊടിയിടയില്‍ ലോകമെങ്ങും പരക്കുന്നു. എല്ലാ മാധ്യമങ്ങളും ഈ ദിനത്തിന് വളരെയധികം പ്രാധാന്യം കൊടുക്കാറുണ്ട്.