കോഴിക്കോട്: കോഴിക്കോട്ട് നടുറോഡിൽ യുവതിക്ക് ഭർത്താവിൻ്റെ ക്രൂരമർദനം. മീൻകട നടത്തുന്ന നടക്കാവ് സ്വദേശി ശാമിലിയെയാണ് ഭർത്താവ് നിധീഷ് ക്രൂരമായി ആക്രമിച്ചത്. യുവതിയുടെ മുഖത്ത് ആസിഡൊഴിക്കുമെന്നും കൊല്ലുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. 2000 രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതോടെ മീന്‍കടയിലെത്തി ഭര്‍ത്താവ് തന്നെ മര്‍ദിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. മീന്‍തട്ട് തട്ടിത്തെറിപ്പിച്ചു. കരിങ്കല്ലെടുത്ത് തന്റെ ദേഹത്ത് എറിഞ്ഞതായും കഴുത്തിന് പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.
ആക്രമണത്തില്‍ യുവതിയുടെ മുഖത്തും ചെവിയിലും ഉള്‍പ്പെടെ പരിക്കുണ്ട്.ഏറെക്കാലമായി ഭർത്താവിന്റെ ക്രൂരമർദനം അനുഭവിക്കുന്നതായി ശാമിലി പറഞ്ഞു. വീട്ടില്‍ വച്ച് നിരവധി തവണ ആക്രമിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഭര്‍തൃമാതാവ് അയാളെ പിന്തുണയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. ഭര്‍ത്താവിനെതിരെ നേരത്തെയും നടക്കാവ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് നടപടിയെടുത്തില്ല. കഴിഞ്ഞമാസം 14 ന് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയെങ്കിലും പരാതി കാണുന്നില്ലെന്നാണ് ഇന്നലെ പോയി അന്വേഷിച്ചപ്പോള്‍ പറഞ്ഞതെന്നും യുവതി പറഞ്ഞു. ഇപ്പോള്‍ നടുറോഡില്‍ വച്ച് ആക്രമിച്ച കേസില്‍ നിധീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംഭവശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. തന്നെ കൊല്ലുമെന്ന് ഭയമുണ്ടെന്നും മക്കളെ പോറ്റാന്‍ വേണ്ടിയാണ് മീന്‍ വില്പന നടത്തുന്നതെന്നും ശാമിലി പറഞ്ഞു. തനിക്ക് നീതിയും സുരക്ഷയും വേണം. കുറ്റക്കാരനായ ഭര്‍ത്താവ് നിയമപരമായി ശിക്ഷിക്കപ്പെടണം. അതിനാല്‍ പരാതിയുമായി മുന്നോട്ടു പോവുമെന്നും യുവതി വ്യക്തമാക്കി.