26.9 C
Kollam
Monday, July 26, 2021
spot_img

ധനുഷിന്റെ “ജഗമേ തന്തിരം” ഓ ടി ടി യിൽ സൂപ്പർ ഹിറ്റ് 

ഹിറ്റ് സംവിധായകൻ കാർത്തിക് സുബ്ബരാജും ധനുഷും ആദ്യമായി ഒന്നിക്കുന്ന ‘ജഗമേ തന്തിരം’ തീയേറ്റർ റിലീസിനു പകരം ഒടിടി റിലീസ് ചെയ്തു ആരാധകർക്ക്  പൊതുവെ ആക്ഷൻ കുറവായിരുന്നിട്ടും ധനുഷിൻ്റെ ‘കർണ്ണൻ’ തീയേറ്ററുകളിൽ ഉത്സവമായി മാറിയിരുന്നു. ഗ്യാങ്സ്റ്റർ ചിത്രമായ “ജഗമേ തന്തിര”ത്തിൻ്റെ ടീസറും ട്രെയിലറും വൻ തരംഗമാണ് സൃഷ്ടിച്ചത്. തീയേറ്ററിലല്ലെങ്കിലും നെറ്റ്ഫ്ലിക്സിലൂടെ തമിഴടക്കം 17 ഭാഷകളിലായി വമ്പൻ റിലീസായാണ് പുതിയ ധനുഷ് ചിത്രമെത്തിയിരിക്കുന്നത്. മലയാള താരങ്ങളായ ജോജു ജോർജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവർക്കൊപ്പം ഹോളിവുഡ് താരം ജയിംസ് കോസ്‍മോയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശിവദാസ്, പീറ്റർ, സുരുളി -എന്നീ മൂന്ന് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ നടക്കുന്നത്. കർണ്ണനിലും ധനുഷിനു വേണ്ടി ഗംഭീര ഗാനങ്ങളൊരുക്കിയ സന്തോഷ് നാരായണൻ്റെ സംഗീതം ഈ ചിത്രത്തിലും മുന്നിട്ടു നിൽക്കുന്നു. സുരുളിയുടെ ഇൻട്രോയിലെ ‘റകിട റകിട’ എന്നുള്ള ഗാനത്തിന് കഥാപാത്രത്തിൻ്റെ ജീവിതം ഈസിയായി പരിചയപ്പെടുത്താൻ സാധിച്ചു. ഐശ്വര്യ – ധനുഷ് ഒന്നിച്ചു രംഗത്തെത്തിയ ‘നേത്ത്’ എന്ന ഗാനം സിനിമയിൽ നിന്നും ഒഴിവാക്കിയത് തെറ്റായ തീരുമാനമായിരുന്നു. കട്ട് ചെയ്തതിനാൽ ദൈർഘ്യം കുറഞ്ഞെങ്കിലും, അതിനു ശേഷമുള്ള രംഗത്തിൻ്റെ തീവ്രത അത് നഷ്ടമാക്കി. ഇതു മാത്രമല്ല ‘ബുജ്ജി’ എന്ന ഗാനരംഗമടക്കം വേറെയും പല കട്ടുകൾ ചിത്രത്തിൽ നടന്നിട്ടുണ്ട്. മധുരൈ ബാബുരാജ് എഴുതി മീനാക്ഷി ഇളയരാജ ആലപിച്ച ‘തീ പിറൈ’ എന്ന ഗാനം നമ്മളെ എത്തിക്കുന്ന അവസ്ഥയിൽ നിന്നും മോചനം ലഭിക്കാൻ കുറച്ചു സമയമെടുക്കും. കഥയുടെ ആത്മാവ് തൊട്ടറിഞ്ഞ വളരെ മികച്ചൊരു ഗാനമാണത്.

ലണ്ടനിലെ വളരെ പവർഫുള്ളായ ഗ്യാങ്സ്റ്റാണ് പീറ്റർ ( ജയിംസ് കോസ്മോ). വിവിധ രാജ്യങ്ങളിൽ നിന്നും അഗതികളായെത്തി തൻ്റെ രാജ്യത്ത് ജീവിക്കുന്നവരെ എങ്ങനേയും പുറത്താക്കണമെന്നാണ് പീറ്ററിൻ്റെ ആഗ്രഹം. തൻ്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജയിലിലും ഇയാൾ അഗതികളെ തടവിലാക്കിയിട്ടുണ്ട്. ശിവദാസ് (ജോജു) ലണ്ടനിലെ മറ്റൊരു ഗ്യാങ്സ്റ്ററാണ്. തമിഴനായ ഇയാളുടെ കൂട്ടത്തിലുള്ളവരിലും കൂടുതൽ തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള തമിഴർ തന്നെയാണ്. ബിസിനസിൽ തനിക്കെതിരെ എത്തുന്ന വിധത്തിൽ ശിവദാസ് വളർന്നപ്പോൾ അയാളെ ഒതുക്കാനുള്ള വഴി അന്വേഷിച്ച പീറ്റർ സുരുളിയിലേക്ക് (ധനുഷ്) എത്തുന്നു. അത്യാവശ്യം റൗഡിത്തരവുമായി തമിഴ്നാട്ടിൽ ജീവിക്കുന്നയാളാണ് സുരുളി. കൊല ചെയ്യാനൊന്നും ഒട്ടും മടിയില്ലാത്ത സുരുളി ചോദിച്ച പ്രതിഫലം കിട്ടിയപ്പോൾ പീറ്ററിൻ്റെ ഗ്യാങിനൊപ്പം ചേർന്ന് ബ്രിട്ടനിലേക്ക് എത്തുകയാണ്. തുടർന്നങ്ങോട്ടുള്ള സുരുളിയുടെ യാത്രയും അതിൻ്റെ ഗതിയും സിനിമ കണ്ടുതന്നെ അറിയേണ്ടതാണ്. ജഗമേ തന്തിരത്തിന്‍റെ തിരക്കഥയും സംവിധായകനായ കാര്‍ത്തിക് സുബ്ബരാജാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ കൈയ്യിലെടുത്ത സംവിധായകൻ്റെ മേക്കിംഗ് ശൈലി ഭൂരിപക്ഷം വരുന്ന തമിഴ് പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്നതാണ്. രജനീകാന്ത് നായകനായ സംവിധായകൻ്റെ മുൻ ചിത്രം പേട്ടയുമായി ജഗമേ തന്തിരത്തിൻ്റെ അവതരണത്തിന് ഒരുപാട് സാമ്യങ്ങളുണ്ട്. സുരുളിയായി ധനുഷിൻ്റെയും, പേട്ട വേലനായുള്ള രജനിയുടേയും ലുക്കിലും സമാനതയുണ്ട്.

പ്രേക്ഷകർ എന്താണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമായ ധാരണയുള്ള സംവിധായകനാണ് കാർത്തിക് സുബ്ബരാജ്, അതിനാൽ തന്നെ കാഴ്ചക്കാരെ ഓരോ നിമിഷവും ആനന്ദിപ്പിക്കാൻ ചിത്രത്തിനാകുന്നു. സാധാരണ തമിഴ് ചിത്രങ്ങളിൽ കാണുന്ന നായക കഥാപാത്രങ്ങളെ വാർത്തെടുക്കുന്ന അതേ അച്ചിലാണ് സുരുളിയേയും സംവിധായകൻ നിർമ്മിച്ചിരിക്കുന്നത്. സുരുളി പലപ്പോഴും പല തെറ്റുകളും ചെയ്യുന്നുണ്ട്, കാഴ്ചക്കാരായ നമ്മളും ഇടയ്ക്ക് അസ്വസ്ഥരാകും. പക്ഷേ ഒരിക്കലും സംവിധായകൻ സുരുളിയെ ന്യായീകരിക്കാൻ ശ്രമിച്ചിട്ടില്ല, അതാണ് വേണ്ടിയിരുന്നതും. സുരുളിയുടെ ചെയ്തികൾക്ക് മറുപടിയായി ‘തെറ്റുകളിൽ വലുത്-ചെറുത് എന്നൊന്നില്ല’, ‘നായകനല്ല… ഞാൻ എപ്പോഴും വില്ലനാണ്’ – തുടങ്ങിയ സംഭാഷണങ്ങളും ധനുഷിനെക്കൊണ്ട് സംവിധായകൻ പറയിപ്പിക്കുന്നുമുണ്ട്.

അഭിനയത്തിൻ്റെ കാര്യത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മൂന്ന് പേരും കിടിലൻ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ജോജു ജോർജ്ജിൻ്റെ വേഷം ഇത്രത്തോളം പ്രാധാന്യമുള്ളതായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. വില്ലനായി പ്രതീക്ഷിച്ച ജോജു നായകനായി മാറി പ്രേക്ഷകരുടെ ഹൃദയം കവരും, തീർച്ച. ചിത്രത്തിൽ ധനുഷിൻ്റെ കഥാപാത്രത്തേക്കാളും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്ന വിധത്തിലാണ് ശിവദാസ് എന്ന ജോജു കഥാപാത്രം പീറ്റർ എന്ന ഗ്യാങ്സ്റ്ററിനെ അതിഗംഭീരമായി നടൻ ജയിംസ് കോസ്മോ അവതരിപ്പിച്ചിട്ടുണ്ട്. ഒരു നടൻ അഭിനയിക്കുന്നു എന്നതിലുപരി ശരിക്കുള്ള ഒരു ഗ്യാങ്സ്റ്ററായാണ് താരത്തെ സ്ക്രീനിൽ കാണാനായത്.
ധനുഷ് എപ്പോഴത്തേയും പോലെ വളരെ കൂളായി സുരുളിയെ അവതരിപ്പിച്ചിട്ടുണ്ട്. മിഴിവാർന്ന ദൃശ്യങ്ങളും ചിത്രത്തെ ആകർഷകമാക്കാൻ സഹായിക്കുന്നുണ്ട്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. 

Related Articles

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles