ചവറ: തകർന്നു കിടക്കുന്ന ഇടപ്പള്ളിക്കോട്ട–-കന്നിട്ടക്കടവ് എച്ച്പി റോഡിലൂടെയുള്ള യാത്ര ജനങ്ങളെ വലയ്ക്കുന്നു. വർഷങ്ങളായി റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ട്. ബന്ധപ്പെട്ട അധികൃതരോ ജില്ലാ പഞ്ചായത്ത് ജനപ്രതിനിധിയോ ഇതിനുവേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. ചിറ്റൂർ, പൊന്മന, പോരൂക്കര, പന്മന വാർഡുകളിലേക്ക് പോകുന്നവർക്ക് സഞ്ചരിക്കാനാകാത്ത വിധം ടാർ ഇളകി റോഡിന്റെ മധ്യഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഗട്ടറിൽവീണ് ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇടപ്പള്ളിക്കോട്ട യുപി സ്കൂളിലേക്കുള്ള കുട്ടികളിൽ അധികവും ഇതുവഴിയാണ് പോകുന്നത്. മഴക്കാലമായാൽ കുഴികളിൽ വെള്ളം നിറഞ്ഞ് ഒഴുകിപ്പോകാത്ത സ്ഥിതിയുമുണ്ട്. റോഡ് നവീകരണം ഉടൻ ആരംഭിക്കാൻ അധികൃതർ തയ്യാറാകണമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി എം വി പ്രസാദ് ആവശ്യപ്പെട്ടു.