24.9 C
Kollam
Sunday, September 25, 2022
spot_img

തെങ്കാശിയിലെ കാശിവിശ്വനാഥ ക്ഷേത്രം 

എഴുത്തും ചിത്രവും: സുരേഷ് ചൈത്രം 

തമിഴ്‌നാട്ടിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കാണ് യാത്ര. കൊല്ലം ജില്ലയുടെ അതിർത്തിയിൽ ചെങ്കോട്ട നിന്നും 8 കിലോമീറ്റർ    സഞ്ചരിച്ചാൽ തമിഴ്നാട്ടിലെ തെങ്കാശിയിലെത്താം. കാശി വിശ്വനാഥൻ എന്ന് കേൾക്കുമ്പോൾ  അത്ഭുതം തോന്നാം കാശിയിൽ അല്ലാതെ  ഇവിടെ നമ്മുടെ  തൊട്ടടുത്തും ഉണ്ട് ഒരു കാശി വിശ്വനാഥ ക്ഷേത്രം. തെങ്കാശി എന്നാൽ തെക്കൻ കാശി എന്നാണത്രേ അർത്ഥം. തെങ്കാശി പട്ടണത്തിന്റെ ഒത്ത നടുക്ക് തന്നെയാണ് ശില്പചാരുതയാർന്ന  മനോഹരമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മധുര മീനാക്ഷി ക്ഷേത്രം പോലെ, പദ്മനാഭസ്വാമി ക്ഷേത്രം പോലെ അതിമനോഹരമായ ഒരു ഗോപുരമാണ് ഈ ക്ഷേത്രത്തിനുമുള്ളത്. തമിഴ്നാട്ടിലെഏറ്റവും ഉയരമുള്ള രണ്ടാമത്തെ  ക്ഷേത്രഗോപുരമാണിത്. 180 അടിയോളം  പൊക്കമുണ്ടു ഈ ഗോപുര കവാടത്തിന് അത്ഭുതത്തോടെ മാത്രമേ ഇ ഗോപുരത്തിന്റ നിർമ്മിതി നമുക്ക് നോക്കി നിൽക്കാനാകു അത്രമേൽ മനോഹരമായ രീതിയിലാണ് ശിലകളിൽ കൊത്തിയ ആയിരകണക്കിന് ദേവൻ മാരുടെയും ഭൂതഗണങ്ങളുടെയും ആനയും കുതിരയും അടക്കമുള്ളവയുടെ രൂപങ്ങൾവരെ വളരെ കൃത്യതയോടെ നിർമ്മിച്ചിരിക്കുന്നത് ഏതൊരു സഞ്ചാരിയും വിസ്മയിച്ചു പോകുന്ന കാഴ്ചതന്നെയാണ്

 ക്ഷേത്രത്തിനു ചുറ്റും മുല്ലപ്പൂവും ചെമ്പകവും വിൽക്കുന്ന സ്ത്രീകൾ,വിശാലമായ ചുറ്റുവട്ടത്തു തൊഴുതു വിശ്രമിക്കുന്നഭക്തർ , തൊഴാൻ വന്നവർ അങ്ങനെ ഒരു ഭക്തജനപ്രവാഹം തന്നെയുണ്ട് ക്ഷേത്രത്തിന്റെ വിശാലമായ അങ്കണത്തിൽ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ . അന്തരീക്ഷം  മാറുകയാണ് അകത്തു നല്ല തണുത്ത കാറ്റാണ്. ആ കാറ്റിനും ഉണ്ട് ഒരു പ്രത്യേകത.ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനകത്ത് എത്തുമ്പോൾ ആ കാറ്റ്  നമ്മളെ  ക്ഷേത്രത്തിനകത്തേക്ക് തള്ളിവിടുന്ന പോലെയാണ് നമുക്ക് അനുഭവപ്പെടുക. തൊഴുത് പുറത്തേക്ക് വരുമ്പോൾ ആ കാറ്റ് നമ്മെ ക്ഷേത്രത്തിന്റെ പുറത്തേയ്ക്ക് പറഞ്ഞു വിടുന്നതു  പോലെയും തോന്നുന്ന ഒരു മാസ്മരികത  അനുഭവിച്ചറിയാൻ കഴിയും

ക്ഷേത്രത്തിനുള്ളിലെ വിശാലമായ അകത്തളത്തിൽ സഞ്ചാരികൾ  ക്ഷേത്രകലയുടെ അത്ഭുത കാഴ്ചകൾ കണ്ണ് നിറയെ കാണുകയാണ് ഉള്ളിലേയ്ക്ക് ക്യമറയ്ക്കു പ്രവേശനമില്ല  അതുകൊണ്ടു ക്ഷേത്രത്തിന്റെ  ചുറ്റുമുള്ള   ശില്പചാതുരി ക്യമറയിൽ പകർത്തി സംതൃപ്തിയടയേണ്ടി വന്നു    ഭാരതീയ വാസ്തുവിദ്യയുടെ  അപാരമായ കൈവഴക്കത്തിന്റെ    പ്രത്യേകതയ്ക്ക് പിന്നിലുള്ള രഹസ്യം ഇപ്പോഴും അഞ്ജാതമാണ്    ഭഗവാൻ ശിവനാണ് പ്രധാന പ്രതിഷ്ഠ..ഒപ്പം ദുർഗാ ദേവിയും. ദേവിക്കും ഉണ്ട് ഒരു പ്രത്യേകത. സാധാരണയായി തെക്കുഭാഗത്തേയ്ക്കു  ദര്‍ശനമുള്ള ദുര്‍ഗ്ഗ ഇവിടെ പടിഞ്ഞാറോട്ടാണ് ദര്‍ശനം നല്കുന്നത്.

ദ്രാവിഡ ശില്പ കലയുടെ ഏറ്റവും നല്ല ഒരു മാതൃകയായ ഈ പുരാതന ക്ഷേത്രത്തിന്റെ ഉല്പത്തിയെ കുറിച്ചുള്ള കഥ ഇങ്ങിനെയാണ്; 16ആം നൂറ്റാണ്ട് വരെ തെങ്കാശി മധുരയുടെ ഒരു ഭാഗമായിരുന്നു. 1455 ൽ ഇപ്പോഴത്തെ തെങ്കാശി ഉൾപ്പെടുന്ന മധുരയുടെ തെക്കൻ പ്രദേശങ്ങൾ ഭരിച്ചിരുന്ന പാണ്ഡ്യരാജാവായ പരാക്കിരാമ പാണ്ട്യനാണ്  ഈ   ക്ഷേത്രം നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത്. ശിവന്റെ ഏറ്റവും വലിയ   ഭക്തനായിരുന്ന അദ്ദേഹം ഇടയ്ക്കിടെ കാശിയിലേക്ക് തീര്‍ത്ഥാടനം നടത്തിയിരുന്ന  പരാക്കിരാമ പാണ്ട്യൻ   തന്റെ നാട്ടിൽ ഒരു ശിവക്ഷേത്രം പണിയണം എന്ന ആഗ്രഹവുമായി അദ്ദേഹം ഒരിക്കൽ കൂടി കാശിയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു.

കാശിയിൽ  നിന്നും ഒരു ശിവ ലിംഗം കൊണ്ടു വരാനായിരുന്നു യാത്ര. എന്നാൽ ഒരു ദിവസം  രാത്രി അദ്ദേഹത്തിന്റെ സ്വപ്നത്തിൽ ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെടുകയും അരുളപ്പാട്  നൽകുകയും  ചെയ്തു “കാലത്ത് ഉറക്കം ഉണർന്നാൽ ഒരു ഉറുമ്പിൻകൂട്ടം വരിവരിയായി പോകുന്നത് കാണാം. നീ ആ ഉറുമ്പുകളെ പിന്തുടർന്നു പോകണം. ആ ഉറുമ്പിൻകൂട്ടം അവസാനിക്കുന്നിടത്ത് ഒരു ക്ഷേത്രം പണിയണം.” എന്നായിരുന്നു അരുളപ്പാട്. പിറ്റേന്ന് രാവിലെ രാജാവ് ഉറക്കംഉണർന്നപ്പോൾ സ്വപ്‍നത്തിൽ  കണ്ടപോലെ ഒരു ഉറുമ്പിൻ കൂട്ടത്തെ കാണുകയും രാജാവ് അവയെ പിന്തുടർന്ന് പോവുകയും ആ നിര അവസാനിക്കുന്നിടത് ശിവക്ഷേത്രം പണിയുകയുമുണ്ടായി. അങ്ങിനെയാണ് ഇവിടെ കാശി വിശ്വനാഥർ ക്ഷേത്രം നിർമ്മിക്കപെട്ടതെന്നുമാണ് ഐതിഹ്യം 

വൃക്ഷലതാദികളാൽ സമ്പന്നമാണ് ക്ഷേത്രത്തിനു ഉൾവശം . വിവിധയിനം പൂച്ചെടികളും മരങ്ങളും ഔഷധസസ്യങ്ങളും ആ പുണ്യഭൂമിയെ കൂടുതൽ ഭംഗിയാക്കുന്നു. കൂടാതെ ഒരുപാടൊരുപാട് പക്ഷികളും അണ്ണാറകണ്ണൻമാരും പക്ഷികളും ധാരാളമായുണ്ട് ഇവിടെ  ക്ഷേത്രത്തിനു പിന്നിലായി ചെറിയൊരു ഗോശാലയുണ്ട്. അതിൽ സുന്ദരികളായ 4 പശുക്കൾ. എല്ലാത്തിനെയും കെട്ടിപ്പിടിച്ചു തലോടുന്ന  ഭകതർ അസ്തമയ സൂര്യന്റെ വർണ്ണ ശോണിമയിലും  രാത്രിയിലെ  നിലാവെളിച്ചത്തിലും  പകൽ വെളിച്ചത്തിലും  വിശ്വനാഥക്ഷേത്രം മനോഹരം  തന്നെയാണ് .

കാശി വിശ്വനാഥനെ കാണാൻ  തെങ്കാശിയിൽ എത്തുന്നത് ആയിരകണക്കിന് സഞ്ചാരികളാണ്. പത്തു ദിവസത്തെ മകം ഉത്സവം ഐപാസി കല്യാണ ഉത്സവം നവരാത്രി മാർഗഴിതിരുവാതിര തുടങ്ങിയവയാണ്  പ്രധാന ആഘോഷങ്ങൾ.  തെങ്കാശിയിലെ ജനങ്ങളുടെ  എല്ലാ ഐശ്വര്യത്തിനും വിശ്വനാഥൻ ആണെന്നാണ് തമിഴ് ജനതയുടെ വിശ്വാസം. അതും ഒറ്റനോട്ടത്തിൽ ശെരിയായി തോന്നാം എവിടെ തിരിഞ്ഞാലും തിരക്കോടു തിരക്കാണ് എല്ലാ കച്ചവട സ്ഥാപനങ്ങളിലും കച്ചവടത്തിരക്കുമാണ് ക്യാമറയിലൂടെ വിശ്വനാഥന്റെ ക്ഷേത്ര ഗോപുരത്തിന്റെ പിന്നിലായി അസ്തമയ സൂര്യൻ ചെഞ്ചായം പൂശുന്ന കാഴ്ചതന്നെ ഒരു വിരുന്നാണ് .

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles