തൃശ്ശൂർ: ഇന്ന് നടത്താൻ നിശ്ചയിച്ച തൃശൂർ പൂരം വെടിക്കെട്ടിന്റെ സാധ്യത മങ്ങി. തൃശൂരിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വെടിക്കെട്ട് ഇന്ന് നടത്താനുള്ള സാധ്യത വീണ്ടും മങ്ങിയത്. മഴയെ തുടർന്ന് മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് നടത്താൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ വെടിക്കെട്ട് വീണ്ടും മാറ്റിവയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
തൃശൂർ പൂരം നടന്ന മെയ് 11 പുലർച്ചെ 3 മണിക്ക് നടത്താൻ തീരുമാനിച്ച വെടിക്കെട്ടാണ് കനത്ത മഴയെ തുടർന്ന് മാറ്റിവെച്ചത്. ഇന്ന് വൈകുന്നേരം 6 30നാണ് മാറ്റിവെച്ച വെടിക്കെട്ട് നടത്താൻ നിശ്ചയിച്ചിരുന്നത്. ദേവസ്വങ്ങളുടെ സംയുക്ത യോഗം ചർച്ച ചെയ്ത് തീരുമാനമായതിന് പിന്നാലെ ജില്ലാ ഭരണകൂടവും ഇതിന് അനുമതി നൽകിയിരുന്നു. ഞായറാഴ്ച വെടിക്കെട്ട് നടത്താനാണ് നേരത്തെ ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാൽ അവധി ദിവസമായതിനാൽ ശുചീകരണപ്രവൃത്തികൾ എളുപ്പമായിരിക്കില്ല. ഇക്കാര്യം മുന്നിൽ കണ്ടാണ് ഞായറാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന വെടിക്കെട്ട് ശനിയാഴ്ച വൈകിട്ടോടെ നടത്താൻ തീരുമാനമായത്. അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.