തിരുവനന്തപുരം: ഗവർണർ-സർക്കാർ തർക്കം തുടരുന്നതിനിടെ മുതിർന്ന ഇടത് നേതാക്കൾ ഗവർണറെ അതിനിശിതമായി വിമർശിച്ച് രംഗത്തെത്തി. ഇതിന് മറുപടിയുമായി യുഡിഎഫ്-ബിജെപി നേതാക്കൾ ഗവർണർക്ക് പിന്നിൽ അണിനിരന്നതോടെ ഗവർണർ- സർക്കാർ പോര് തെരുവിലേക്കെത്തി. 16വരെ ഗവർണർ സ്ഥലത്തില്ല. മുഖ്യമന്ത്രിയും അതിനുശേഷമേ തലസ്ഥാനത്തെത്തൂ. അതുവരെ ഈ ‘രാഷ്ട്രീയ യുദ്ധം’ തുടരാനാണ് സാധ്യത. ചാൻസലർ പദവിയിലിരിക്കുന്ന വ്യക്തി സമ്മർദങ്ങൾക്ക് വഴങ്ങേണ്ട ആളല്ലെന്ന് ചൂണ്ടിക്കാട്ടിയ സിപിഎം സംസ്ഥരട്ടറി കോടിയേരി ബാലകൃഷ്ണൻ എല്ലാം കഴിഞ്ഞതിന് ശേഷമുള്ള ഗവർണറുടെ നിലപാട് മാറ്റം ദുരൂഹമാണെന്നും ആരോപിച്ചു. ബിജെപിക്കുവേണ്ടി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രാഷ്ട്രീയം കളിക്കുകയാണെന്നാണ് സിപിഎം വിശ്വാസം.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച യുഡിഎഫ് – ബിജെപി കൂട്ടുകെട്ട് ഈ വിഷയത്തിലും തുടരുകയാണെന്നാണ് സിപിഎം വിലയിരുത്തൽ. സാധാരണ ഇത്തരം വിഷയങ്ങളിൽ തിരുത്തൽ ശക്തിയോ ഒത്തുതീർപ്പ് കക്ഷിയോ ആവാറുള്ള സിപിഐ ഗവർണറെ അതിനിശിതമായാണ് വിമർശിച്ചത്. പാർട്ടി മുഖപത്രത്തിലെ മുഖപ്രസംഗത്തിൽ അതിരൂക്ഷമായി ഗവർണറെ വിമർശിച്ചതിനുപുറമെ, ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ സര്‍ക്കാരിന് ആലോചനയില്ലെന്നും ഗവര്‍ണർ തന്നെ അതിന് സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ മുന്നറിയിപ്പ് നൽകിയതിന്റെ അർഥവ്യാപ്തി ഏറെയാണ്. ഗവർണർക്ക് ചാൻസലർ പദവി നൽകിയത് നിയമസഭയാണ്. അതുകൊണ്ടുതന്നെ ആരുടെയും പിന്തുണയില്ലാതെ നിയമം ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷമുള്ള ഭരണപക്ഷത്തെ അതിന് നിർബന്ധിക്കരുതെന്നുതന്നെയാണ് അതിന്റെ അർഥം.അതിനിടെ, കണ്ണൂർ സർവകലാശാലാ വിസിയുടെ പുനർനിയമനം സംബന്ധിച്ച് കത്ത് ചാൻസലറായ ഗവർണർക്ക് നൽകിയത് പ്രൊ ചാൻസലറായ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവാണ് നൽകിയതെന്ന് വ്യക്തമായിട്ടുണ്ട്. അതിന്റെ പേരിൽ സത്യപ്രതിജ്ഞാലംഘനം ആരോപിക്കുന്ന പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകഴിഞ്ഞു. സർവകാലാശാലയിലെ ചാൻസലർക്ക് പ്രൊ ചാൻസലർ കത്ത് നൽകുന്നത് സ്വാഭാവികമാണെന്നും അത് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ അധികാരപരിധിയിൽവരുന്നതാണെന്നുമാണ് ഇതിനുള്ള ഭരണപക്ഷത്തിന്റെ മറുപടി.
ഗവര്‍ണര്‍ നിയമോപദേശം ചോദിച്ചില്ല, നല്‍കിയിട്ടുമില്ല: എ ജി
കൊച്ചി: വിസി നിയമനത്തില്‍ ഗവര്‍ണര്‍ തന്നോടു നിയമോപദേശം തേടിയിട്ടില്ലെന്നും താന്‍ സര്‍ക്കാരിനാണു നിയമോപദേശം നല്‍കിയതെന്നും അഡ്വക്കെറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്. സര്‍വകലാശാലാ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മിലെ തര്‍ക്കം രൂക്ഷമായിരിക്കെ ആലുവയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു എജി.
കണ്ണൂര്‍ സർവകലാശാലാ വിസിയായി 60 വയസിന് മുകളിലുള്ള ആൾക്കു തുടർ നിയമനം നൽകുന്നത് ചട്ടലംഘനം ആണെന്നും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് ഉത്തരവില്‍ ഒപ്പിട്ടതെന്നും കഴിഞ്ഞദിവസം ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു. എന്നാല്‍, എജിയുടെ നിയമോപദേശം ലഭിച്ച ശേഷമാണ് ഗവര്‍ണര്‍ വിസിയെ നിയമിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. താന്‍ ഒരിക്കലും എജിയുടെ നിയമോപദേശം തേടിയിട്ടില്ലെന്ന് ഗവര്‍ണറും തിരിച്ചടിച്ചു. ഈ സാഹചര്യത്തിലാണ് സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആലുവയില്‍ എത്തിയ മുഖ്യമന്ത്രി, എ ജിയെ വിളിച്ചുവരുത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. ഇതിനിടെ ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമന രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്നവശ്യപ്പെട്ട് കണ്ണൂര്‍ വിസി നിയമനത്തില്‍ പരാതി നല്കിയ ഡോ. പ്രേമചന്ദ്രന് കീഴോത്ത് കോടതിയില്‍ അപേക്ഷ നല്കി. നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി ഉത്തരവിനായി മാറ്റിയതിന് പിന്നാലെയാണ് പുതിയ നീക്കം.