കൊല്ലം: കൊല്ലം ബീച്ചിൽ തിരകളെ ഭയക്കേണ്ട. പതഞ്ഞുയരുന്ന വെൺനുരയിൽ മണിക്കൂറുകളോളം തിമിർക്കാം, കാൽതെറ്റി വീണാലും തിര കൊണ്ടുപോകാതിരിക്കാൻ ഓഫ്ഷോർ ബ്രേക്ക് വാട്ടർ പദ്ധതി വരുന്നു. സാധ്യതാപഠനത്തിന് അടുത്താഴ്ച തുടക്കമാകും. ചെന്നൈ ഐഐടി നേതൃത്വത്തിലാണ് പഠനം. ഏതു സീസണിലും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പര്യാപ്തമാകുംവിധം കൊല്ലം ബീച്ചിനെ സുസ്ഥിര സുരക്ഷിത മേഖലയായി മാറ്റുന്ന പദ്ധതി കൊല്ലം കോർപറേഷനും തീരദേശ വികസന കോർപറേഷനും ചേർന്നാണ് നടപ്പാക്കുക.
തീരത്തേക്ക് അടിച്ചുകയറുന്ന ശക്തമായ തിരമാലകളെ കടലിൽ തടഞ്ഞുനിർത്തുന്നതിന് ജിയോട്യൂബ്, കടൽവേലി എന്നിവ അടക്കമുള്ള സംവിധാനമാകും പരീക്ഷിക്കുക. തിരമാലകൾ, ഭൂപ്രകൃതി, കടൽമണലിന്റെ സ്വഭാവം, ചലനം, വർഷങ്ങളായി കടലിൽ ഉണ്ടായ വ്യതിയാനം എന്നിവയെല്ലാം പഠന വിധേയമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ സാധ്യത പഠനറിപ്പോർട്ട് മൂന്നുമാസത്തിനകം പൂർത്തിയാകും. 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പഠനം. പദ്ധതി നടപ്പാകുന്നതോടെ തങ്കശേരി മുതൽ താന്നിവരെ സുരക്ഷിതതീരമാകും വിനോദസഞ്ചാരികളെ കാത്തിരിക്കുക.