സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മുൻതൂക്കം. 42 വാർഡുകളിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 24 ഇടത്ത് എൽഡിഎഫ് വിജയിച്ചു. 12 വാർഡുകളിൽ യുഡിഎഫും ആറിടത്ത് ബിജെപിയുമാണ് വിജയിച്ചത്. 12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 77,634 വോട്ടർമാരാണ് ഉണ്ടായിരുന്നത്.
ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് മുൻതൂക്കമുണ്ടെങ്കിലും തൃപ്പൂണിത്തുറയിലും വെളിയനെല്ലൂർ പഞ്ചായത്തിലും എൽഡിഎഫിന് കേവലഭൂരിപക്ഷം നഷ്ടമായി. തൃപ്പൂണിത്തുറ നഗരസഭയിൽ രണ്ട് സീറ്റുകൾ ബിജെപി പിടിച്ചെടുത്തതോടെയാണ് എൽഡിഎഫിന് കേവലഭൂരിപക്ഷം നഷ്ടമായത്. വെളിയനെല്ലൂരിൽ എൽഡിഎഫിന്റെ രണ്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണം എൽഎഫിന് നഷ്ടമായി.
കണ്ണൂർ ജില്ലയിലെ അഞ്ചിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്ത് എൽഡിഎഫും ഒന്നു വീതം സീറ്റുകളിൽ യുഡിഎഫും ബിജെപിയും വിജയിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ മുഴുപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാർഡ് എൽഡിഎഫ് നിലനിർത്തി.കോഴിക്കോട് ജില്ലയിൽ കൊടുവള്ളി നഗരസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. മുൻ തെരഞ്ഞെടുപ്പിൽ 340 വോട്ടുകൾ ലഭിച്ച എൽഡിഎഫിന് ഇക്കുറി ഭൂരിപക്ഷം വർദ്ധിച്ചു. 418 വോട്ടുകളാണ് ലഭിച്ചത്.
മലപ്പുറം ജില്ലയിലെ ആലംകോട് പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. വള്ളിക്കുന്ന് പഞ്ചായത്തിലെ യുഡിഎഫ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. മൂന്നിടത്താണ് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും വിജയിച്ചു.പാലക്കാട് ജില്ലയിൽ രണ്ടിടത്ത് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടിടത്തും എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു.തൃശൂർ ജില്ലയിൽ ആറ് സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിൽ നിന്നും ഒരു സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. മറ്റ് മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും സീറ്റ് നിലനിർത്തി.
എറണാകുളം ജില്ലയിലെ ആറിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്ത് ബിജെപിക്ക് ജയം. രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും വിജയിച്ചു. കുന്നത്തുനാട് പഞ്ചായത്തിലെ 11-ാം വാർഡ് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. ഇക്കുറി യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. ട്വന്റി ട്വന്റിയാണ് രണ്ടാമത്.കോട്ടയം ജില്ലയിൽ ഒരിടത്ത് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫ് ഇക്കുറി രണ്ടാമതെത്തി. മന്ത്രി വിഎൻ വാസവന്റെ മണ്ഡലത്തിലെ നഗരസഭയായ ഏറ്റുമാനൂരിലാണ് ബിജെപി സ്ഥാനാർത്ഥി വിജയിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിൽ പതിറ്റാണ്ടുകളായി യുഡിഎഫിന്റെ കൈവശമായിരുന്ന ഈട്ടിച്ചുവട് 5-ാം വാർഡിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്വതന്ത്ര മറിയാമയാണ് ജയിച്ചത്. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന പഞ്ചായത്തിൽ ഇതോടെ എൽഡിഎഫ്-7, യുഡിഎഫ്-5, ബിജെപി-1 എന്നിങ്ങനെയായി സീറ്റ് നില. ജില്ലയിൽ മൂന്നിടത്താണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു.