കോട്ടയം : ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപോലീത്ത ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനാകും. സഭ ആസ്ഥാനമായ ദേവലോകം ബിഷപ്പ് ഹൗസില്‍ ബുധനാഴ്ച സുന്നഹദോസ് ചേര്‍ന്ന് ഏകകണ്ഠമായാണ് മാത്യൂസ് മാര്‍ സേവേറിയോസിനെ നാമനിര്‍ദേശം ചെയ്തത്.
വെള്ളിയാഴ്ച ചേരുന്ന സഭ മാനേജിങ് കമ്മിറ്റി മലങ്കര അസോസിയേഷന് മെത്രാപോലീത്തായുടെ പേര് കൈമാറും. കാലംചെയ്ത ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ പിന്‍ഗാമിയായി ഒക്ടോബര്‍ 14ന് പരുമല സെമിനാരിയില്‍ ചേരുന്ന യോഗം ബാവായെ അന്തിമമായി തെരഞ്ഞെടുക്കും. കണ്ടനാട് വെസ്റ്റ് –- ഇടുക്കി ഭദ്രാസനാധിപനാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപോലീത്ത.
വാഴൂര്‍ പുളിക്കല്‍കവല സെന്റ് പീറ്റേഴ്സ് പള്ളി ഇടവകയിലെ മറ്റത്തില്‍ കുടുംബാംഗമാണ്. ജനനം 1949ല്‍. വാഴൂര്‍ സെന്റ് പോള്സിലായിരുന്നു ഹൈസ്കൂള്‍ പഠനം. പ്രീഡിഗ്രി വാഴൂര്‍ എസ്വിആര് എന്‍എസ്എസ് കോളേജിലും ബിഎസ്സി കോട്ടയം സിഎംഎസ് കോളേജിലും. തുടര്‍ന്നാണ് പഴയ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയായത്. ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസിന്റെ നിര്‍ദ്ദേശമനുസരിച്ച് റഷ്യയില്‍ നിന്നാണ് ഇദ്ദേഹം പിഎച്ച്ഡി എടുത്തത്. റോമിലും ഉപരിപഠനം നടത്തി. സെമിനാരിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിക്കവേയാണ് മെത്രാന് സ്ഥാനലബ്ധി.