കൊല്ലം: ഞാങ്കടവ് കുടിവെള്ള വിതരണ പദ്ധതി, കുരീപ്പുഴ സിവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പദ്ധതി എന്നിവയുടെ നിർമാണ പുരോഗതി ജലവിഭവ വകുപ്പ് എംഡി വെങ്കിടേശപതി വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗവും ചേർന്നു. ജില്ലയിലെ ജലജീവൻ പദ്ധതിക്ക് വിവിധയിടങ്ങളിൽ സ്ഥലം ഏറ്റെടുത്ത് നൽകുന്നതുമായി ബന്ധപ്പെട്ട് കലക്ടറുമായും ചർച്ചനടത്തി. ശുദ്ധീകരണ ശാല 60 ശതമാനം പൂർത്തിയായി ഞാങ്കടവ് പദ്ധതിക്കായി വസൂരിച്ചിറയിൽ നിർമിക്കുന്ന ജലശുദ്ധീകരണശാലയുടെ 60 ശതമാനം പണിയും പൂർത്തിയായി. 100 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള പ്ലാന്റിന്റെ നിർമാണച്ചെലവ് 48 കോടി രൂപയാണ്. കല്ലടയാറ്റിൽ ഞാങ്കടവിലെ നിർമാണം പൂർത്തിയാക്കിയ കിണറും നിർമാണം മുടങ്ങിയ തടയണയുടെ ഭാഗവും എംഡി സന്ദർശിച്ചു.
അനുബന്ധ ടാങ്കുകളിൽ വെള്ളമെത്തിക്കുന്ന പമ്പിങ് മെയിനും കണ്ടു. 235 കോടി കിഫ്ബി ഫണ്ടും 78 കോടി അമൃത് ഫണ്ടും ചെലവഴിച്ചാണ് ഞാങ്കടവ് കുടിവെള്ള വിതരണ പദ്ധതി യാഥാർഥ്യമാക്കുന്നത്. 2022 സെപ്തംബറിൽ കമീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. തടയണയ്ക്ക് 23 കോടിയുടെ കരാർ ഞാങ്കടവിൽ തടയണ നിർമിക്കാൻ 23 കോടി രൂപയുടെ പുതിയ പദ്ധതി. പുനർ കരാറിനുള്ള ക്വട്ടേഷൻ 23ന് തുറക്കും. പണി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയ മുൻ കരാറുകാരനെ ഒഴിവാക്കിയിരുന്നു. തടയണ നിർമിക്കുന്നത് ജലസേചന വകുപ്പാണ്. പ്രവൃത്തിക്ക് ഭരണാനുമതി നൽകിയതും മേൽനോട്ടം നിർവഹിക്കുന്നതും ജലവിഭവ വകുപ്പാണ്.90 കോടിയുടെ സിവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ്പന്ത്രണ്ട് ദശലക്ഷം ലിറ്റർ ശുദ്ധീകരണശേഷിയുള്ള സിവറേജ് ട്രീറ്റ്മെന്റ് പ്ലാന്റാണ് കുരീപ്പുഴയിൽ നിർമിക്കുന്നത്.
കൊല്ലം നഗരത്തിലെ വീടുകളിൽനിന്നുള്ള മലിനജലം ശുദ്ധീകരിക്കുന്ന താണ് പദ്ധതി. ശുദ്ധീകരിക്കുന്ന വെള്ളം വ്യാവസായിക ആവശ്യങ്ങൾക്ക് നൽകി ബാക്കി ജലാശയങ്ങളിലേക്ക് ഒഴുക്കും. അമൃത് പദ്ധതിയിൽ 90 കോടി രൂപ ചെലവഴിച്ചാണ് നടപ്പാക്കുന്നത്. നിർമാണം 15 ശതമാനം പൂർത്തിയായി. വിവിധയിടങ്ങളിൽ നിന്നുള്ള പൈപ്പിടൽ 40 ശതമാനവും പൂർത്തിയായി. ശേഷിക്കുന്നതിന് കരാറായി. ശനി രാവിലെയാണ് ജലവിഭവ വകുപ്പ് എംഡി കൊല്ലത്ത് എത്തിയത്. സൂപ്രണ്ടിങ് എൻജിനിയർ സജീവ്, എക്സിക്യൂട്ടീവ് എൻജിനിയർ സബീർ എ റഹിം എന്നിവരും ഒപ്പമുണ്ടായിരുന്നു.