കൊച്ചി: തന്റെ വാഹനം നശിപ്പിച്ചെന്ന കേസിലെ പ്രതി പി.ജി.ജോസഫിന് ജാമ്യം നല്‍കരുത് എന്ന ആവശ്യവുമായി നടന് ജോജു ജോര്‍ജ് കോടതിയില്‍. ജോസഫിന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴാണ് കേസില്‍ കക്ഷി ചേരാന്‍ ജോജു എത്തിയത്. തനിക്കെതിരെ ഉയര്‍ത്തിയിട്ടുള്ളത് തെറ്റായ ആരോപണങ്ങളാണെന്നും കാറിന് ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും നടന് കോടതിയെ അറിയിച്ചു. ഒത്തുതീര്‍പ്പിന് ചില വ്യവസ്ഥകള്‍ ജോജു മുന്നോട്ട് വെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്നാണ് ജോജു ജോര്‍ജിന്റെ നിലപാട്. സ്ത്രീകള്‍ക്കെതിരെ അസഭ്യം പറഞ്ഞു എന്നതുള്‍പ്പടെയുള്ള ഗുരുതരമായ പരാതികളാണ് കോണ്‍ഗ്രസ് ജോജുവിനെതിരെ ഉയര്‍ത്തിയിരുന്നത്. അതേസമയം കേസില്‍ ഒത്തുതീര്‍പ്പ് സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് ജോജു ജോര്‍ജിന്റെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി. ജോജുവിന് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണം. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജോജുവുമായി സംസാരിച്ചിരുന്നു എന്നും ഒരു പാര്‍ട്ടിയോടോ വ്യക്തികളോടോ വിരോധമില്ലെന്നും ജോജുവിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.