കൊച്ചി : ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഖ്യപ്രതി ജാസഫിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 37500 രൂപ പിഴയും 50000 രൂപയുടെ രണ്ട് ആള് ജാമ്യവുമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. സംഘര്‍ഷത്തിനിടെ ജോസഫാണ് ജോജുവിന്റെ കാറിലെ ഗ്ലാസ് തല്ലി തകര്‍ത്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കല്ല് ഉപയോഗിച്ച് തകര്‍ത്തു എന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. നേരത്തെ കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ള മറ്റ് ഏഴ് പ്രതികള്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതേസമയം ജോജു ജോര്‍ജിനെതിരെ ഗുരുതര ആരോപണം ആണ് കോൺഗ്രസ് ഉയർത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് സമരത്തിനിടെയുള്ള ജോജുവിന്റെ ഇടപെല്‍ ആസൂത്രിതമാണോ എന്ന് സംശയിക്കുന്നെന്നും അന്നു പുലര്‍ച്ചെ അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ നടന് ജോജു പങ്കെടുത്തിരുന്നോ എന്നത് പൊലീസ് അന്വേഷിക്കണമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു.