നഗരത്തെ ജൈവവൈവിധ്യ സമ്പന്നമാക്കാൻ ഉള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മേയർ പ്രസന്ന ഏർണെസ്റ്റ്. കൊല്ലം കോർപ്പറേഷന്റെയും ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഹരിത നഗരം പദ്ധതിക്ക് സംസ്ഥാന സർക്കാർ ഒന്നര കോടി രൂപയാണ് നൽകുന്നത്. കോർപ്പറേഷൻ പരിധിയിൽ സ്ഥല ലഭ്യതയനുസരിച്ച് വിവിധ ഇടങ്ങളിൽ അയ്യായിരത്തോളം മരങ്ങൾ നടും. ചുമതലപ്പെടുത്തിയ ഏജൻസിക്ക് മരങ്ങൾ നട്ടുപിടിപ്പിച്ച് മൂന്നുവർഷത്തേക്ക് പരിപാലനം ഉറപ്പാക്കാനുള്ള നിർദേശവും നൽകിയെന്ന് മേയർ പറഞ്ഞു.
ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷനായി. ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി പാർക്കിന് മുന്നിലുള്ള കോർപ്പറേഷന്റെ ബൊട്ടാണിക്കൽ ഗാർഡൻ പരിസരത്ത് ഫലവൃക്ഷതൈകളും ഔഷധസസ്യങ്ങളും നട്ടു. അങ്കണവാടികൾ, ഘടകസ്ഥാപനങ്ങൾ, പി. എച്ച്.സി- സി.എച്ച്. സികൾ, കോർപ്പറേഷൻ സോണൽ ഓഫീസുകൾ എന്നിവിടങ്ങളിൽ ഫലവൃക്ഷ- ഔഷധസസ്യങ്ങളും നടും.
കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്. ഗീതാകുമാരി,എസ്. ജയൻ, അഡ്വ. ജി.ഉദയകുമാർ, എസ്. സവിത ദേവി, കൗൺസിലർമാർ, കെ.എസ്. എസ്.പി എൻവയോൺമെന്റ് സമിതി ചെയർമാനും എൻവയോൺമെന്റ് സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറുമായ ഡോ. ജോർജ്.എഫ്. ഡിക്രൂസ്, എസ്.എൻ കോളേജ് സുവോളജി വിഭാഗം മേധാവി ഡോ. ബി. റ്റി.സുലേഖ, ടി. കെ. എം കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.പ്രിയ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.