27.9 C
Kollam
Monday, June 14, 2021
spot_img

ജൂൺ 08 ഉറൂബിന്‍റെ ജന്മവാര്‍ഷികദിനം

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണന്‍ . കവി, ഉപന്യാസകാരന്‍, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിര്‍മ്മാതാവായിരുന്നു അദ്ദേഹം. പ്രകൃതിസ്‌നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തില്‍ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂണ്‍ 8 നാണ് പരുത്തൊള്ളി ചാലപ്പുറത്തു കുട്ടികൃഷ്ണന്‍ എന്ന പി.സി. കുട്ടികൃഷ്ണന്‍ ജനിച്ചത്. പൊന്നാനി എ.വി. ഹൈസ്‌കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ കാല്പനികകവിയായ ഇടശ്ശേരി ഗോവിന്ദന്‍ നായരുമായി സൗഹൃദത്തിലായി. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം കവിതയെഴുതാനാരംഭിച്ചത്. ആദ്യമെഴുതിയ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചോടെ പൊന്നാന്നിയിലെ സാഹിത്യമണ്ഡലത്തില്‍ കവിയായി അദ്ദേഹം പേരെടുത്തു. 1934 ല്‍ നാടുവിട്ട അദ്ദേഹം ആറുവര്‍ഷത്തോളം കാലം ഇന്ത്യയുടെ പലഭാഗങ്ങളിലായി പല ജോലികളും ചെയ്തു. ഈ കാലയളവില്‍ തമിഴ്, കന്നഡ എന്നീ ഭാഷകള്‍ പഠിച്ച അദ്ദേഹം പിന്നീട് നീലഗിരിയിലെ ഒരു തേയിലത്തോട്ടത്തിലും കോഴിക്കോട്ടെ ഒരു ബനിയന്‍ കമ്പനിയിലും രണ്ടുവര്‍ഷം വീതം ക്ലാര്‍ക്കായി ജോലി നോക്കി.
1948 ല്‍ ഇടശ്ശേരിയുടെ ഭാര്യാസഹോദരി കൂടിയായ ദേവകിയമ്മയുമായി അദ്ദേഹത്തിന്റെ വിവാഹം നടന്നു. കോഴിക്കോട് കെ.ആര്‍. ബ്രദേഴ്‌സ് പ്രസിദ്ധീകരണശാല, മംഗളോദയം മാസിക, കോഴിക്കോട് ആകാശവാണി എന്നിവയായിരുന്നു അദ്ദേഹം പില്‍ക്കാലത്ത് ജോലി ചെയ്ത സ്ഥലങ്ങള്‍. 1975 ല്‍ ആകാശവാണിയില്‍ നിന്ന് പ്രൊഡ്യൂസറായി വിരമിച്ച അദ്ദേഹം കുങ്കുമം, മലയാള മനോരമ എന്നിവയുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

ഉമ്മാച്ചു (1954) സുന്ദരികളും സുന്ദരന്മാരും (1958) എന്നീ രണ്ടു നോവലുകളാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതികളായി കരുതപ്പെടുന്നത്. നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ( 1958 ഉമ്മാച്ചു), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ( 1960 സുന്ദരികളും സുന്ദരന്മാരും) അദ്ദേഹത്തെ തേടിയെത്തി. മലയാളചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നീലക്കുയില്‍ (1954) എന്ന ചലച്ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് ഉറൂബാണ്. രാരിച്ചന്‍ എന്ന പൗരന്‍ (1956) നായര് പിടിച്ച പുലിവാല് (1958) മിണ്ടാപ്പെണ്ണ് (1970) കുരുക്ഷേത്രം (1970) ഉമ്മാച്ചു (1971) എന്നീ ചിത്രങ്ങളുടെ രചനയും അദ്ദേഹം നിര്‍വ്വഹിച്ചു .1976 ലാണ് അദ്ദേഹം മനോരമ പത്രാധിപത്യം ഏറ്റെടുത്തത്. ആ സ്ഥാനത്തിരിക്കേ അദ്ദേഹം 1979 ജൂലൈ 10 ന് കോട്ടയത്തു വച്ച് അന്തരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles