24.8 C
Kollam
Monday, August 15, 2022
spot_img

ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷികദിനം

ജൂലൈ അഞ്ച്, മലയാളത്തിലെ വിശ്വസാഹിത്യകാരന്‍ മറഞ്ഞിട്ട് ഇന്ന് 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ജനകീയനായ, മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ഒരര്‍ത്ഥത്തില്‍ സാഹിത്യത്തിലെ സുല്‍ത്താന്‍ തന്നെ.

1908 ജനുവരി 19 ന് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പിലാണ് വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്‌ളീഷ് സ്‌കൂളിലും. രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്‌കൂള്‍ പഠനകാലത്ത്(5ാം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കാല്‍നടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പില്‍ക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്.

1930 ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികള്‍. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടര്‍ന്നു കുറേ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം.ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്. അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍ മലയാളസാഹിത്യത്തില്‍ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയില്‍ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.

പദ്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി’യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍ പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം. പിന്നീടിങ്ങോട്ട് മലയാളസാഹിത്യത്തില്‍ പകരക്കാരനില്ലാതെ വിലസുകയായിരുന്നു ബഷീര്‍. ബേപ്പൂര്‍ സുല്‍ത്താനെന്നും അക്ഷരസുല്‍ത്താനെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ അദ്ദേഹത്തിന് നല്‍കി.

കേന്ദ്രസാഹിത്യ അക്കാദമിയുടേയും കേരളസാഹിത്യ അക്കാദമിയുടേയും ഫെല്ലോഷിപ്പുകള്‍, സാഹിത്യത്തിനും രാഷ്ടീയത്തിനുമായി നാലു താമ്രപത്രങ്ങള്‍ തുടങ്ങിയവ ലഭിച്ചു. 1982 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു. 1987 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം നല്‍കി. 1987 ല്‍ സംസ്‌കാര ദീപം അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജനം സാഹിത്യ അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം (1993), 1994 ല്‍ ജിദ്ദ അരങ്ങ് അവാര്‍ഡ് എന്നിവ ലഭിച്ചു. ഇവകൂടാതെ പൊന്നാടകളും പ്രശംസാപത്രങ്ങളും ലഭിച്ചിട്ടുണ്ട് 1994 ജൂലൈ 5 ന് ബഷീര്‍ ഈ ലോകത്തോട് വിടപറഞ്ഞു.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles