കേരളത്തെ നടുക്കിയ പെരുമണ്‍ ദുരന്തം നടന്നിട്ട് ഇന്ന് 33 വര്‍ഷം പൂര്‍ത്തിയാകുന്നു, ഇന്ത്യയിലെ തന്നെ ഏറ്റവും ഭീകരമായ തീവണ്ടി അപകടം. 1988 ജൂലൈ 8 ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമണ്‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 105 പേരാണ് മരിച്ചത്. ഇരുനൂറിലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്ന് റെയില്‍വേ അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും ഇതുവരെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ 32 വര്‍ഷമായി മുടക്കം കൂടാതെ പെരുമണ്‍ ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുന്നുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു വരുന്നു.
