ടിബറ്റൻ ബുദ്ധവംശജരുടെ ആത്മീയനേതാവിനെയാണ് ദലൈലാമ എന്നു വിളിക്കുന്നത്. നിലവിലെ ദലൈലാമയാണ് ടെൻസിൻ ഗ്യാറ്റ്സോ. 1935 ജൂലൈ 6 ന് ജനിച്ച ടെൻസിൻ ഗ്യാംസോയ്ക്കു 15ാം വയസില് പൂർണ ആധ്യാത്മിക നേതൃത്വത്തോടെയുള്ള പതിനാലാമത് ദലൈലാമ പട്ടം ലഭിച്ചു. ടിബറ്റൻ ബുദ്ധമതത്തിന്റെ ആത്മീയാചാര്യനു പദവി തന്നെ പുതിയ പേരായി.
ചൈനീസ് അധിനിവേശത്തിനും അടിച്ചമർത്തലിനുമെതിരെ ടിബറ്റൻ പോരാളികൾ നടത്തിയ സായുധ കലാപത്തിനു പിന്നാലെ 1959 ലാണ് ടിബറ്റൻ ആത്മീയാചാര്യനായ പതിനാലാം ദലൈലാമ അനുയായികൾ ക്കൊപ്പം ഇന്ത്യയിലേക്കു പലായനം ചെയ്യുന്നത്. ആദ്യം ഹിമാലയ താഴ്വാരത്തെ മസൂറിയിലാണു താമസസൗകര്യ മൊരുക്കിയത്. പിന്നീട് ഹിമാചൽപ്രദേശിലെ ധർമശാലയിലേക്കു മാറി. ടിബറ്റിൽനിന്ന് അഭയാർഥിയായി എത്തി, ഇന്ത്യയുടെ മതനിരപേക്ഷ മണ്ണിൽ വസിച്ച്, ദശലക്ഷക്കണക്കിന് അനുയായികൾക്കു സമാധാനത്തിന്റെയും ശാന്തിയുടെയും മാർഗദീപം തെളിച്ചുനൽകികൊണ്ടിരിക്കുന്നു. ഒന്നര ലക്ഷത്തോളം ടിബറ്റുകാർ ഇന്ന് ഇന്ത്യയിലുണ്ട്, ഓരോ വർഷവും ആയിരത്തോളം പേർ വന്നുകൊണ്ടേയിരിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും ടിബറ്റൻ ആത്മീയ ക്യാംപുകൾ സജീവം.
അറിവിന്റെ അധിപൻ’ എന്നാണ് ദലൈലാമ എന്ന വാക്കിനർഥം. 16ാം നൂറ്റാണ്ടിലെ മംഗോളിയൻ രാജാവ് ടിബറ്റിലെ ഒരു ബുദ്ധഭിക്ഷുവിന്റെ ജ്ഞാനത്തിൽ ആകൃഷ്ടനായി അനുയായിയായി. അന്നു രാജാവ് സമ്മാനിച്ച ബഹുമതിയാണു ദലൈലാമ. ആ പാരമ്പര്യത്തിലെ ഇങ്ങേയറ്റത്തുള്ള ദലൈലാമയെ തേടി 1989 ൽ സമാധാനത്തിനുളള നൊബേൽ പുരസ്കാരം, 1994 ൽ ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ് ഫ്രീഡം മെഡൽ, 2006 ൽ യുഎസ്എ പരമോന്നത സിവിലിയൻ ബഹുമതി, 2011 ൽ മഹാത്മാഗാന്ധി രാജ്യാന്തര സമാധാന സമ്മാനം, 2015 ൽ ലിബർട്ടി പുരസ്കാരം, ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള (ഏകദേശം 9.45 കോടി രൂപ ) ബ്രിട്ടനിലെ ടെംപിൾടൺ സമ്മാനം ഉൾപ്പെടെ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ എത്തി. ലഡാക്കിൽ ഇന്ത്യ- ചൈന അതിർത്തി തർക്കം തുടരുന്നതിനിടെ ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയ്ക്ക് ഭാരതരത്ന നൽകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ട്.
