രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ ഡോ. ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ ഡോക്ടേഴ്സ് ദിനം ആയി ആചരിക്കുന്നത്. 1882 ജൂലൈ ഒന്നിന് ബീഹാറിലെ പാറ്റ്നയില്‍ ജനിച്ച ഡോ. ബി.സി.റോയ് കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1911 ല്‍ ലണ്ടനില്‍ നിന്ന് എം.ആര്.സി.പിയും എഫ്.ആര്.സി.എസും പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്ത്യയില്‍ ചികിത്സകനായ അദ്ദേഹം കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലും പിന്നീട് കാംബെല്‍ മെഡിക്കല്‍ കോളജിലും അധ്യാപകനായി. പിന്നീടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചത്. നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന അദ്ദേഹം പശ്ഛിമ ബംഗാള്‍ മുഖ്യമന്ത്രി ആയിരുന്നു. രാഷ്ട്രം അദ്ദേഹത്തെ ഭാരതരത്നം നല്കി ആദരിച്ചു. 1976 മുതല്‍ ബി.സി.റോയ് ദേശീയ അവാര്‍ഡും നല്കി വരുന്നു. 1962 ജൂലായ് ഒന്നിന്, തൻ്റെ 80ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.
ഡോക്ടര്‍മാര്‍ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങള്‍ ഓര്‍മിപ്പിക്കുന്നതിനും അവരെ ആദരിക്കുന്നതിനുമാണ് ഈ ദിവസം. ഇന്നത്തെ ഡോക്ടേഴ്സ് ദിനം വളരെ പ്രധാന്യം നിറഞ്ഞതാണ്. ലോകം മുഴുവന്‍ കോവിഡ് 19 എന്ന മഹാമാരിയുടെ രണ്ടാം തരംഗത്തിന് മുന്നില്‍ പകച്ചു നില്ക്കുന്ന ഈ നേരത്ത് മരണം പോലും മുന്നില്‍ കണ്ട് ജീവിക്കുന്നവരാണ് ഡോക്ടര്‍മാര്‍. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രതിഫലേച്ഛ കൂടാതെയാണ് പലരും പ്രവര്‍ത്തിക്കുന്നത്. ഒരു രോഗിയെ പോലും മരണത്തിന് വിട്ടുകൊടിക്കില്ല എന്ന് ദൃഢനിശ്ചയത്തോടെയാണ് ഓരോ ഡോക്ടര്‍മാരും രോഗികളെ സമീപിക്കുന്നത്.
രാജ്യത്ത് ഡോക്ടര്‍മാരുള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പിടിപെട്ടു. രാജ്യത്ത് ഇതിനോടകം ജീവന് നഷ്ടമായത് നിരവധി ഡോക്ടര്‍മാര്‍ക്കാണ്. ‘കൊവിഡ് മരണം കുറയ്ക്കുക’ എന്ന ഈ വര്‍ഷത്തെ സന്ദേശം ഉള്‍ക്കൊണ്ട് സമൂഹത്തിനായി സ്വയം സമര്‍പ്പിക്കുകയാണ് ഓരോ ഡോക്ടര്‍മാരും. കോവിഡ് പോസിറ്റീവായ രോഗികളുടെ കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ പരിപാലിക്കുന്ന ഡോക്ടര്‍മാരും കോവിഡ് രോഗികളായ വയോജനങ്ങളെ കരുതലോടെ ശുശ്രൂഷിച്ചവരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വൊളന്റിയര്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്ക്കു സന്നദ്ധം പോര്‍ട്ടല്‍ മുഖേന റജിസ്റ്റര്‍ ചെയ്ത് പ്രതിഫലം കിട്ടില്ല എന്നറിഞ്ഞിട്ടും പിന്മാറാതെ പ്രവര്‍ത്തിക്കുന്ന യുവഡോക്ടര്മാരും നമ്മുടെ ഇടയിലുണ്ട്.
കൊവിഡിനെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരെയാണ് നാം ഇന്ന് കാണുന്നത്. അതുകൊണ്ട് തന്നെ ഈ കൊറോണ കാല വിശ്രമമില്ലാത്ത അവരുടെ സേവനത്തെ നന്ദിയോടെ ആദരിക്കാന്‍ വേണ്ടിയാകട്ടെ ഈ ഡോക്ടര്‍മാരുടെ ദിനം. കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ തലകുനിക്കാതെ രാപകല്‍ ഉഴിഞ്ഞുവെക്കുന്ന ഓരോ ഡോക്ടര്‍മാര്‍ക്കു മുന്നിലും ആദരവോടെ ശിരസ് നമിക്കുന്നു.