Home Latest NewsNews ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കല്ലട ഷണ്‍മുഖന്‍ അന്തരിച്ചു.

ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കല്ലട ഷണ്‍മുഖന്‍ അന്തരിച്ചു.

by Green Media Vision

കൊല്ലം: ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കിഴക്കേകല്ലട കൊടുവിള കളിയില്‍ വിളാകത്തില്‍ കല്ലട ഷണ്‍മുഖന്‍ (72) അന്തരിച്ചു. കൊടുവിളയിലെ ജോത്സ്യകുടുംബത്തിലെ അംഗമാണ്. കൊവിഡ് സ്ഥിരീകരിച്ച ഏപ്രില്‍ 18 മുതല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനോടെയായിരുന്നു അന്ത്യം.
ഇളയമകള്‍ ശ്രീദര്‍ശനയ്ക്ക് ചെന്നൈയിലെ ബാങ്ക് ശാഖയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചിലും ഏപ്രില്‍ ആദ്യവാരത്തിലുമായി രണ്ടുതവണ ട്രെയിനില്‍ യാത്ര ചെയ്തിരുന്നു. ഇതിനിടയിലാണ് അസുഖബാധിതനായതെന്ന് കരുതുന്നു. കുടുംബാംഗങ്ങളും കൊവിഡ് ചികിത്സയിലാണ്.
കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ്, തപസ്യ തിരുവനന്തപുരം മേഖല വൈസ് പ്രസിഡന്റ്, ബിഎംഎസ് സംസ്ഥാനസമിതി അംഗം, ജ്യോതിഷവിചാരസംഘ് സംസ്ഥാന പ്രസിഡന്റ്, സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്‌സിക്യൂട്ടിവംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ലീല. മക്കള്‍: സൂര്യേന്ദുശ്രീല, സിതേന്ദുസൗമ്യ, ശ്രീദര്‍ശന.  
ആദ്യകാലത്ത് പത്രപ്രവര്‍ത്തകനായി എട്ട് വര്‍ഷം തനിനിറം പത്രത്തില്‍ തിരുവനന്തപുരത്ത് ജോലി ചെയ്തിട്ടുണ്ട്. അതേ കാലത്ത് തന്നെ കലാനിലയം കൃഷ്ണന്‍നാരുടെ ജീവചരിത്രരചനയും നിര്‍വഹിച്ചു. ഇടക്കാലത്ത് ജനതാമെയില്‍ എന്ന പത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തോപ്പില്‍ രാമചന്ദ്രന്‍പിള്ളയോടൊപ്പം കുരുക്ഷേത്ര ഭൂമി എന്ന പത്രത്തിലും കേരളീയന്‍, എക്‌സ്പ്രസ് എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001ല്‍ കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റായി. ടെലിഫോണ്‍ അഡൈ്വസറി ബോര്‍ഡ് അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചു. പ്രാസംഗികനും കവിയും കൂടിയായ അദ്ദേഹം വിവിധ ആനുകാലികങ്ങളിലായി അനവധി കവിതകള്‍ എഴുതിയിട്ടുണ്ട്. ഇവയില്‍ തെരഞ്ഞെടുത്തവ ‘അഗ്രോപഹാരം’ എന്ന പേരില്‍ പുറത്തിറക്കി. ഈ കവിതാസമാഹാര പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത് പി. പരമേശ്വര്‍ജിയാണ്. 18 കവിതകളും നാല് ഗാനങ്ങളും ചേര്‍ത്തതാണ് അഗ്രോപഹാരം. ശ്രീചക്രം ബുക്‌സിന്റെ പേരിലാണ് അദ്ദേഹം പുസ്തകം പ്രസിദ്ധീകരിച്ചത്.

You may also like

Leave a Comment