തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ച ഥാർ എസ് യുവി എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലിക്ക് തന്നെ ലഭിക്കും. വാഹനത്തിന്റെ ലേല നടപടികൾക്ക് ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം അംഗീകാരം നൽകി.ലേല ദിവസം വാഹനം വിട്ടുനൽകുന്നതിൽ ദേവസ്വം ബോർഡ് ചെയർമാൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ബോർഡ് യോഗം അംഗീകരിച്ചാൽ മാത്രമേ വാഹനം വിട്ടുനൽകൂ എന്നായിരുന്നു ചെയർമാന്റെ നിലപാട്. വാഹനം ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അമൽ മുഹമ്മദും വ്യക്തമാക്കിയിരുന്നു.മഹീന്ദ്ര കമ്പനി ക്ഷേത്രത്തിന് വഴിപാടായി സമർപ്പിച്ച വാഹനം ദേവസ്വം ബോർഡ് ലേലം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ലേലത്തിന് അമൽ മുഹമ്മദ് മാത്രമാണുണ്ടായിരുന്നത്. അടിസ്ഥാന വിലയിൽ നിന്നും 10,000 രൂപ ഉയർത്തി അമൽ ലേലം സ്വന്തമാക്കുകയും ചെയ്തു.21 ലക്ഷം രൂപ വരെ മുടക്കാൻ തയാറായാണ് അമലിന്റെ പിതാവ് ലേലത്തിന് ആളെ നിയോഗിച്ചിരുന്നത്. എന്നാൽ മറ്റാരും വിളിക്കാൻ ഇല്ലാതെ വന്നത് ഇവർക്ക് ഗുണകരമാകുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് തന്നെ ലേലത്തിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തിയിരുന്നെങ്കിലും മറ്റാരും ലേലത്തിനെത്തിയില്ല.