ഗുരുവായൂർ ക്ഷേത്ര വലിയ തന്ത്രിയും ഭരണ സമിതി അംഗവുമായിരുന്ന ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 71 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മൃതദേഹം എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്ത് എത്തിച്ച് സംസ്കരിക്കും. കോവിഡാനന്തര ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം16 ന് നടന്ന മേൽശാന്തി തെരഞ്ഞെടുപ്പു ചടങ്ങുകളിലാണ് അദ്ദേഹം അവസാനമായി ക്ഷേത്രത്തിൽ എത്തിയത്.ദീർഘകാലം ഗുരുവായൂർ ക്ഷേത്രം തന്ത്രിയായിരുന്ന ചേന്നാസ് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിൻ്റേയും മകനാണ്.എംഎ ഇംഗ്ലീഷ് ബിരുദ്ധധാരിയും നെടുങ്ങാടി ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്നു. 2014 മുതൽ ചേന്നാസ് കുടുംബത്തിലെ മുതിർന്ന അംഗം എന്ന നിലയിൽ ഗുരുവായൂർ ദേവസ്വം സ്ഥിരാംഗവുമാണ്.ചെങ്ങന്നൂർ മിത്രമഠം ഇല്ലത്ത് സുചിത്ര അന്തർജനമാണ് ഭാര്യ .മകൻ ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട്. മരുമകൾ പിറവം മ്യാൽപ്പിളളി ഇല്ലത്ത് അഖിലയാണ്. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടായിരിയ്ക്കും അടുത്ത ഗുരുവായൂർ തന്ത്രി.തന്ത്രി ചേന്നാസ് വാസുദേവൻ നമ്പൂതിരി അന്തരിച്ചതിനെത്തുടർന്ന് 2013 മുതൽക്കാണ് നാരായണൻ നമ്പൂതിരിപ്പാട് ക്ഷേത്രം തന്ത്രിയാകുന്നത്.