Home Latest News ഗിന്നസ് ബുക്കിലേക്ക് 75 കിലോയുടെ ഭീമന്‍ പേന

ഗിന്നസ് ബുക്കിലേക്ക് 75 കിലോയുടെ ഭീമന്‍ പേന

by Green Media Vision

കോഴിക്കോട്:തലശേരിയിലെ കൂടത്തായി എജ്യൂപാര്‍ക്കിലെ ഹില്‍വ്യൂ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ സര്‍ഗവൈഭവത്തില്‍ പിറന്നതാണ് ഈ വ്യത്യസ്തമായ പേന. കോവിഡ് കാരണം മുടങ്ങിയ അധ്യയനം പുനഃസ്ഥാപിക്കണ”മെന്ന സന്ദേശവുമായി നിര്‍മിച്ച ഈ ഭീമന്‍ പേന ഗിന്നസ് ബുക്കില്‍ ഇടംനേടുകയും ചെയ്തു. വൈകാതെ ഖത്തര്‍ ആസ്ഥാനമായ അറേബ്യ വേള്‍ഡ് ഓഫ് റെക്കോര്‍ഡ്‌സിലും ഈ പേന ഇടം പിടിക്കും. ക്ലാസ്മുറികളുടെ ചൈതന്യം മനസിലാവാഹിച്ച വിദ്യാര്‍ത്ഥികള്‍ പുതിയ ചിന്തകള്‍ നെയ്‌തെടുത്ത് എഴുത്തിന്റെ ചിഹ്നമായ പേനയെ ആവിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു. പിന്നെ അമാന്തിച്ചില്ല. ഭീമന്‍ പേന തന്നെ നിര്‍മ്മിച്ചു. ഒരു മാസത്തെ അധ്വാനത്തിന്റെ ഫലമായാണ് ഭീമന്‍ മാര്‍ക്കര്‍ പേന പിറവിയെടുത്തത്. മൂന്നുമീറ്റര്‍ നീളവും 75 കിലോ തൂക്കവുമുള്ളതാണ് പേന. പി.വി.സി പൈപ്പ്, ജി.ഐ പൈപ്പ്, മരം, സ്‌പോഞ്ച് എന്നിവ ഉപയോഗിച്ചാണ് നിര്‍മിച്ചത്.
ഒരു ലിറ്റര്‍ മഷി കൊള്ളുമെങ്കിലും ഈ പേന ഉപയോഗിക്കണമെങ്കില്‍ അമാനുഷരാകണം. വിദ്യാര്‍ഥിനികളായ അഭിന, ജിഹാന എന്നിവര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പേന നിര്‍മാണം വിശദീകരിച്ചു. റിംന, ജസാ ആയിഷ, ഫെബിയ ജേക്കബ്, ജസീക്കബിജു, ആയിഷ റൗഷിന്‍, ഫിഷ നൗറീന്‍, മെഹ്താബ് അഹമ്മദ്, അദ്‌നാന്‍ അബ്ദുല്‍ അസീസ്, അലി റാസിആദില്‍ അലി, മെഹ്‌ന എന്നീ വിദ്യാര്‍ഥികളും പേന നിര്‍മാണത്തില്‍ പങ്കാളികളായിരുന്നു. അധ്യാപകന്‍ മുഹമ്മദ് ദിലീഫ് ആണ് വിദ്യാര്‍ഥികള്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കിയത്.

You may also like

Leave a Comment