ന്യൂഡൽഹി: കഥക് നൃത്തത്തിലെ ഇതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം. ഞായറാഴ്ച കൊച്ചുമക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് വൃക്കരോഗം കണ്ടെത്തി ഡയാലിസിസ് ചെയ്തു വരികയായിരുന്നു. കഥക് നർത്തകരുടെ മഹാരാജ് കുടുംബത്തിലെ പിൻഗാമിയാണ് ബിർജു. അദ്ദേഹത്തിന്റെ അമ്മാവൻമാരയ ശംഭു മഹാരാജ്, ലച്ചു മഹാരാജ്, പിതാവും ഗുരുവുമായ അച്ഛൻ മഹാരാജ് എന്നിവരും കഥക് കലാകാരൻമാരായിരുന്നു. കഥക്കിനെ ലോകവേദിയിലെത്തിച്ച പ്രതിഭയാണ് ബിർജു. 1986ൽ രാജ്യം പത്മവിഭൂഷൻ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. കഥക്കിന് പുറമേ ഒരു ഡ്രമ്മർ കൂടിയായിരുന്നു അദ്ദേഹം. തബലയും അദ്ദേഹം വായിക്കുമായിരുന്നു. തുംരി, ദാദ്ര, ഭജൻ, ഗസൽ എന്നിവയിൽ പ്രാവീണ്യം നേടിയ ബിർജു ഒരു മികച്ച ഗായകൻ കൂടിയായിരുന്നു.