പുനലൂർ: ആര്യങ്കാവ് പഞ്ചായത്ത് ജില്ലയിലെ ആദ്യ ക്ഷയരോഗരഹിത പഞ്ചായത്തായി മാറി. ആര്യങ്കാവ്/അച്ചൻകോവിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പരിധിയിൽ കഴിഞ്ഞ ആറുമാസമായി ക്ഷയരോഗബാധിതരാരും ഇല്ല. പട്ടികവർഗ വിഭാഗങ്ങളുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ കണക്കുകളിലും സംസ്ഥാനത്ത് ആദ്യമാണ്. നിരന്തര പരിശോധന, തുടർപ്രവർത്തനങ്ങൾ എന്നിവ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ക്ഷയരോഗബാധിതർ ആയിട്ടുള്ളവരുടെ സമ്പർക്കപട്ടിക തയ്യാറാക്കി പരിശോധന ക്യാമ്പുകൾ, നിരീക്ഷണങ്ങൾ എന്നിവ ജീവനക്കാർ നടത്തുന്നുണ്ട്. വാർഡുകൾ കേന്ദ്രീകരിച്ച് എൻസിഡി (നോൺ കമ്യൂണിക്കബിൾ ഡിസീസ്) ക്ലിനിക്കുകൾ, അതിഥിത്തൊഴിലാളികളുടെ ആരോഗ്യ പരിശോധന, ആരോഗ്യജാഗ്രത, സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നീരീക്ഷണം എന്നിവ ശക്തിപ്പെടുത്തി തുടർപ്രവർത്തനം ആലോചിക്കുയാണ് ജീവനക്കാർ.