സ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ലാസുകളിലും മാസ്ക് നിർബന്ധമാക്കും. ബസ് ഉൾപ്പടെ അണുവിമുക്തമാക്കും. ബസില്ലാത്ത സ്കൂളുകളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. സമാന്തരമായി ഓൺലൈൻ ക്ലാസുകളും നടക്കും. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥതല ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു