കടവിൽ റഷീദ്
ബെൽറാമും ശബരിയും ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക്; യുവരക്തത്തിലൂടെ സജീവമായി കോൺഗ്രസ് മാറുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയ്ക്കു പിന്നാലെ അഴിച്ചു പണി സജീവമാക്കി കോൺഗ്രസ് പാർട്ടി. പാർട്ടിയിൽ സജീവമായവരെ മാത്രം നിലനിർത്തി, യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകി, പാർട്ടി അടിമുടി അഴിച്ചു പണിത് ഉടച്ചു വാർക്കാനാണ് നീക്കം.കെ പി സി സി ഭാരവാഹികളെ പ്രഖ്യാപിക്കും മുമ്പ് ഡി സി സി അദ്ധ്യക്ഷന്മാരെ തീരുമാനിക്കാൻ കോൺഗ്രസിൽ ഏകദേശ ധാരണ. പുതിയ ഡി സി സി അദ്ധ്യക്ഷന്മാരെ നിയമിക്കുന്നതിന് മുന്നോടിയായുളള അനൗദ്യോഗിക ചർച്ചകൾക്ക് ഇതോടെ തുടക്കമായി. അമ്പത് വയസിൽ താഴെയുളളവരെ ഡി സി സി അദ്ധ്യക്ഷന്മാരാക്കാം എന്നതായിരുന്നു സതീശനും സുധാകരനും അടങ്ങിയ പുതിയ നേതൃത്വം ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ പ്രായപരിധി വേണ്ടെന്നാണ് ഇപ്പോൾ കെ സുധാകരൻറെ നിലപാട്. ഇതിനോട് മുതിർന്ന നേതാക്കൾക്കും യോജിപ്പാണ്.
അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രായപരിധി വേണ്ടെന്ന് വന്നതോടെ മിക്ക ജില്ലകളിലും ഡി സി സി അദ്ധ്യക്ഷ സ്ഥാനത്തിനായി നേതാക്കൾ തമ്മിൽ വടംവലി തുടങ്ങി. രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കായി കെ സുധാകരൻ ഇന്ന് ഡൽഹിക്ക് പോകുമെന്നാണ് വിവരം. പ്രായപരിധിയിൽ രാഹുൽഗാന്ധിയുടെ നിലപാട് നിർണായകമാകും. ആലപ്പുഴ, പാലക്കാട് ഉൾപ്പടെയുളള ജില്ലകളിലെ ഡി സി സി അദ്ധ്യക്ഷന്മാർ രാജിവച്ചതോടെ ഇവിടങ്ങളിൽ പാർട്ടി പ്രവർത്തനം നിലച്ച മട്ടാണ്. മറ്റിടങ്ങളിലാകട്ടെ സ്ഥാനം തെറിക്കുമെന്നായതോടെ അദ്ധ്യക്ഷന്മാർ പലരും വേണ്ടത്ര പ്രവർത്തിക്കുന്നുമില്ല.
പ്രായപരിധി കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്ന് പറയുന്ന സുധാകരൻ അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് എഴുപത് പിന്നിട്ട തൻറെ പ്രായമാണ്.യുവാക്കൾക്ക് പ്രധാന്യം നൽകി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ട് എന്തായെന്നും പല മുതിർന്ന നേതാക്കളും ചോദിക്കുന്നു. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയവർ അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അദ്ധ്യക്ഷന്മാരിൽ യുവ പ്രാതിനിധ്യത്തിൻറെ ഭാഗമായി തിരുവനന്തപുരത്ത് കെ എസ് ശബരീനാഥിൻറെയും പാലക്കാട് വി ടി ബൽറാമിൻറെയും പേരുകൾ നേതൃത്വം സജീവമായി പരിഗണിക്കുന്നുണ്ട്.ഗ്രൂപ്പ് നേതാക്കൾ കടുംപിടിത്തം പിടിച്ചില്ലെങ്കിൽ ഇവർക്ക് തന്നെ അദ്ധ്യക്ഷ കസേരയിലേക്ക് നറുക്ക് വീഴുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.എന്നാൽ തിരുവനന്തപുരത്ത് വി എസ് ശിവകുമാർ, പാലോട് രവി, ശരത് ചന്ദ്ര പ്രസാദ് അടക്കമുളളവരും ഡി സി സി അദ്ധ്യക്ഷ പദത്തിനായി കരുക്കൾ നീക്കുന്നുണ്ട്.
കൊല്ലത്ത് ശൂരനാട് രാജശേഖരൻ, ആർ ചന്ദ്രശേഖരൻ, എ ഷാനവാസ്ഖാൻ, ജ്യോതികുമാർ ചാമക്കാല എന്നിവരും പത്തനംത്തിട്ടയിൽ ശിവദാസൻ നായരും പഴകുളം മധുവും പരിഗണിക്കപ്പെടുന്നുണ്ട്.കോട്ടയത്ത് ടോമി കല്ലാനിയും തൃശൂരിൽ പത്മജ വേണുഗോപാലും പാലക്കാട് എ വി ഗോപിനാഥും ഡി സി സി അദ്ധ്യക്ഷ കസേരയിലേക്ക് പരിഗണിക്കപ്പെടുന്നവരിൽ മുൻപന്തിയിലാണ്.
