കോവിഡിനിടയിലും ആവേശം ഒട്ടും ചോരാതെയാണ് ജനങ്ങൾ ഇക്കുറി വോട്ട് ചെയ്യാനെത്തിയത്. അതേസമയം കോട്ടയം എസ്എച്ച് മൗണ്ട് സെന്റ് മർസെൽനാസ് സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം കൊട്ടാരപ്പറമ്പിൽ അന്നമ്മ ദേവസ്യയാണ് (73) കുഴഞ്ഞു വീണു മരിച്ചത്. സ്കൂളിന്റെ പടിക്കെട്ടു കയറുന്നതിനിടെയാണ് മരണം സംഭവിച്ചത്. കോട്ടയത്തിന് പുറമെ ആറന്മുളയിലെ വള്ളംകുളത്തും വോട്ടർ കുഴഞ്ഞു വീണ് മരിച്ചു. ഗോപിനാഥ കുറുപ്പാണ് (65)മരിച്ചത്. കുഴഞ്ഞു വീണയുടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
യന്ത്രതകരാറിനെ തുടർന്ന് കോട്ടയം ചിറക്കടവിൽ നാൽപതിലേറെപ്പേർ പേർ വോട്ടുചെയ്യാതെ മടങ്ങി. മലപ്പുറം പാണക്കാട് ബൂത്തിലുണ്ടായ യന്ത്രത്തകരാർ മൂലം സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ളവർക്ക് വോട്ടുചെയ്യാൻ ഒന്നരമണിക്കൂർ കാത്തിരിക്കേണ്ടിവന്നു.
ഏതാനും ബൂത്തുകളിൽ രാവിലെ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയത് ഒഴിച്ചാൽ മറ്റ് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. ആകെ 2,74,46,039 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 5,18,520 പേർ കന്നിവോട്ടർമാരാണ്. പുരുഷവോട്ടർമാരുടെ എണ്ണം 1,32,83,724 ഉം സ്ത്രീവോട്ടർമാരുടെ എണ്ണം 1,41,62,025 മാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി അധികമായി സജ്ജീകരിച്ചിട്ടുള്ളത് 15730 പോളിങ് ബൂത്തുകൾ. നിലവിലുള്ള 25041 പോളിങ് ബൂത്തുകൾ കൂടിയാകുമ്പോൾ ആകെ ബൂത്തുകളുടെ എണ്ണം 40771 ആണ്.