27.6 C
Kollam
Wednesday, May 18, 2022
spot_img

കോട്ടയത്ത് എക്‌സൈസിന്‍റെ വൻ കഞ്ചാവ് വേട്ട: എട്ട് കിലോ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ

കോട്ടയം: ജില്ലയിൽ വിതരണം ചെയ്യാനായി ആന്ധ്രയിൽ നിന്നും എത്തിച്ച എട്ടു കിലോ കഞ്ചാവുമായി ചിങ്ങവനം മാവിളങ്ങിൽ അസം സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയിലായി. അസം സോനിപുർ ലഖോപാറ ദേഖിയാൻജുലി ആനന്ദദാസിനെ(28)യാണ് എക്‌സൈസ് കമ്മിഷണറുടെ ദക്ഷിണമേഖലാ സ്‌പെഷ്യൽ സ്‌ക്വാഡും കോട്ടയം എക്‌സൈസ് സർക്കിൾ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്.

ഇയാളുടെ വീട്ടിൽ നിന്നുമാണ് എട്ടു കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. എക്‌സൈസ് കമ്മീഷണറുടെ ദക്ഷിണമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്റ്റർ ആർ രാജേഷിനെ നേതൃത്വത്തിലുള്ള എക്‌സൈസ് സ്‌ക്വാഡ് അംഗങ്ങളും, കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്റ്റർ രാജീവ് ബി നായരുടെ നേതൃത്വത്തിലുള്ള ടീമംഗങ്ങളും ചേർന്നായിരുന്നു ആനന്ദദാസിന്റെ മാവിളങ്ങിലുള്ള വീട്ടിൽ മിന്നൽ പരിശോധന നടത്തിയത്. കുറച്ച് ദിവസങ്ങളായി ചിങ്ങവനം മാവിളങ്ങ് ഭാഗങ്ങളിൽ എക്‌സൈസ് സംഘം നിരീക്ഷണം നടത്തി വരികയായിരുന്നു.

ആന്ധ്രയിൽ കഞ്ചാവിന്റെ വിളവെടുപ്പ് കാലമായതിനാൽ കേരളത്തിലേക്കുള്ള കഞ്ചാവിന്റെ വരവിനെപ്പറ്റി എക്‌സൈസ് കമ്മിഷണർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ആനന്ദ ദാസിനെപ്പറ്റി വിവരം ലഭിക്കുന്നത്. ചങ്ങനാശേരി, ചിങ്ങവനം, കോട്ടയം നാഗമ്പടം, പ്രദേശങ്ങളിൽ യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത് ഇയാളായിരുന്നുവെന്ന് എക്‌സൈസ് കണ്ടെത്തി. ഇതോടെ ഇയാളെ കേന്ദ്രീകരിച്ച് എക്‌സൈസ് സംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ എക്‌സൈസ് സംഘം ആനന്ദ ദാസിന്റെ വീട് വളയുകയും വീടിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയും ചെയ്തു.

എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്റ്റർ ആർ.രാജേഷ്, കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്റ്റർ രാജീവ് ബി.നായർ, കമ്മിഷണർ സ്‌ക്വാഡ് ഇൻസ്‌പെക്റ്റർമാരായ ബി.ആദർശ്, വൈശാഖ് വി.പിള്ള, കമ്മിഷണർ സ്‌ക്വാഡ് അസി.ഇൻസ്‌പെക്റ്റർ ഫിലിപ്പ് തോമസ്, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ കെ.എൻ സുരേഷ്, എം.അസീസ്, നജുമുദീൻ, എസ്.ഷിജു, അനിലാൽ, വിമൽ, കോട്ടയം എക്‌സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ കൃഷ്ണകുമാർ, സിവിൽ എക്‌സൈസ് ഓഫിസർ മണിക്കുട്ടൻ, ഡ്രൈവർ അനസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles

stay connected

3,300FansLike
800FollowersFollow
17,200SubscribersSubscribe
- Advertisement -spot_img

Latest Articles