കടയ്ക്കൽ: കുടുംബ വഴക്കിനെത്തുടർന്ന് ഒമ്പതുവയസ്സുള്ള മകന്റെ മുന്നിലിട്ട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കോട്ടപ്പുറം മേവനക്കോണം ലതാ മന്ദിരത്തിൽ ജിൻസി (26)യാണ് മരിച്ചത്. സംഭവത്തിനു ശേഷം ഭർത്താവ് ദീപു (28) കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശനി വൈകിട്ട് നാലിനാണ് സംഭവം. സംഭവസമയം ഇവരുടെ രണ്ടു മക്കളിൽ ധീരജ് (ഒമ്പത്) വീട്ടിലുണ്ടായിരുന്നു. മകൾ ദിയ ജിൻസിയുടെ വീട്ടിലായിരുന്നു. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ചുണ്ട പട്ടാണിമുക്ക് സ്വദേശിയായ ദീപു രണ്ടുമാസം മുമ്പാണ് മേവനക്കോണത്ത് വീടുവച്ച് കുടുംബസമേതം താമസമാക്കിയത്. ഒരാഴ്ചയായി ദീപു വീട്ടിൽനിന്നു മാറി പട്ടാണിമുക്കിലാണ് താമസിച്ചിരുന്നത്.
ശനിയാഴ്ച മേവനക്കോണത്തെ വീട്ടിലെത്തിയ ദീപു വഴക്കിനിടയിൽ വെട്ടുകത്തികൊണ്ട് ജിൻസിയെ വെട്ടി. തലയിലും ശരീരമാസകലവും വെട്ടേറ്റ ജിൻസി തൽക്ഷണം മരിച്ചു. ഒരാഴ്ച മുമ്പുണ്ടായ വഴക്കിനെത്തുടർന്ന് ജിൻസി അമ്മയ്ക്കൊപ്പം പോയി ദീപുവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് പ്രശ്നം ഒത്തുതീർപ്പാക്കി. പരേതനായ കുട്ടന്റെയും ലതയുടെയും മകളായ ജിൻസി പാരിപ്പള്ളി കോർപറേഷൻ കശുവണ്ടി ഫാക്ടറിയിലെ സൂപ്പർവൈസറായിരുന്നു. മീൻവണ്ടി ഡ്രൈവറാണ് ദീപു. മൃതദേഹം കടയ്ക്കൽ താലൂക്കാശുപത്രി മോർച്ചറിയിൽ.