കരുനാഗപ്പള്ളി: നൂറു വർഷം പിന്നിടുന്ന കരുനാഗപ്പള്ളി കന്നേറ്റി കൊല്ലക സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ശതാബ്ദിസമ്മേളനം ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശതാബ്ദി സമ്മേളനം മലങ്കര മാർത്തോമാ സഭാ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രോപ്പൊലീത്ത ഉദ്ഘാടനംചെയ്യും. സുവനീർ പ്രകാശനം മന്ത്രി സജി ചെറിയാനും, വിദ്യാഭ്യാസ സഹായം എൻ കെ പ്രേമചന്ദ്രൻ എംപിയും പാലിയേറ്റീവ് സഹായം എംഎൽഎമാരായ സുജിത് വിജയൻപിള്ള, സി ആർ മഹേഷ് എന്നിവരും വിതരണംചെയ്യും. 1920ൽ സ്ഥാപിതമായ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു കുടുംബത്തിന് സൗജന്യമായി വീടുവച്ചു നൽകൽ, കിടപ്പു രോഗികൾക്ക് സാമ്പത്തിക സഹായം നൽകൽ, വിദ്യാഭ്യാസ സഹായ വിതരണം എന്നിവയും നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.