കൊല്ലം : കൃത്യനിർവ്വഹണത്തിനിടയിൽ സ്വജീവതം. രാജ്യത്തിന് വേണ്ടി ഹോമിച്ച പോലീസ് സേനാംഗങ്ങളെ കൊല്ലം സിറ്റി പോലീസ് അനുസ്മരിച്ചു. ദേശീയ പോലീസ് അനുസ്മരണ ദിനത്തിന്റെ ഭാഗമായി കൊല്ലം സിറ്റി ഡിസ്ട്രിക് ഹെഡ് ക്വാർട്ടറിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന്റെ നേതൃത്വത്തിലാണ് കോമെമ്മറേഷൻ പരേഡ് നടന്നത്. ദേശീയ തലത്തിൽ 2020 സെപ്റ്റംബർ ഒന്ന് മുതൽ 2021 ആഗസ്റ്റ് 31 വരെയുളള കാലയളവിൽ കർത്തവ്യ നിർവ്വഹണത്തിനിടയിൽ 377 പോലീസ് സേനാംഗങ്ങൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇവരിൽ രണ്ട് പേർ കേരള പോലീസിൽ നിന്നുമാണ്. രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം സംഘടിപ്പിച്ച ചടങ്ങുകളിൽ നാടിന് വേണ്ടി ജീവത്യാഗം ചെയ്ത ഈ 377 പേരെ അനുസ്മരിച്ചതിനൊപ്പമാണ് കൊല്ലം സിറ്റിയിലും അനുസ്മരണ ചടങ്ങ് നടന്നത്. ഇവരുടെ പേരുകളും ജീവനഷ്ടത്തിനിടയാക്കിയ സംഭവങ്ങളും സിറ്റി പോലീസ് മേധാവി കോമെമ്മറേഷൻ പരേഡിന് ഇടയിൽ അനുസ്മരിച്ച് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് ആദരം അർപ്പിച്ചു. അസിസ്റ്റന്റ് കമ്മീഷണർമാരായ സോണി ഉമ്മൻ കോശി, എ.പ്രതീപ്കുമാർ, ജി.ഡി. വിജയകുമാർ, ഷൈനു തോമസ്, ബി. ഗോപകുമാർ, പരവൂർ ഇൻസ്പെക്ടർ നിസാർ തുടങ്ങി ജില്ലയിലെ പോലീസ് സേനാംഗങ്ങളും കോമെമ്മറേഷൻ പരേഡിൽ പങ്കെടുത്തു.