ടി വി തോമസിന്റെയും കെ ആർ ഗൗരിയമ്മയുടെയും വിവാഹഫോട്ടോയും .വിവാഹക്ഷണക്കത്തും
ലോകത്താദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ബാലറ്റിലൂടെ
അധികാരത്തിലെത്തിയ അതേവർഷം കേരള രാഷ്ട്രീയ ചരിത്രത്തിൽ മറ്റൊരു മനോഹരസംഭവംകൂടി ഏഴുതിചേർക്കപ്പെട്ടിട്ടുണ്ട്. കേരളം കണ്ട ആദ്യ മന്ത്രി വിവാഹം.ഇഎംഎസ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന ഗൗരിയമ്മയും ടി.വി തോമസുമാണ് വധുവരന്മാർ. കമ്മ്യൂണിസ്റ്റ് പാർട്ടി മുൻകൈയെടുത്ത് നടത്തിയ വിവാഹം പിന്നീട് പാർട്ടി പിളർപ്പിനൊപ്പം വേർപിരിഞ്ഞതും ചരിത്രം.
ടി.വി. തോമസിന്റെയും ഗൗരിയമ്മയുടെയും വിവാഹം. മുഖ്യമന്ത്രി ഇഎംഎസ്
നമ്പൂതിരിപ്പാട് എടുത്ത് കൊടുത്ത താലി ചാര്‍ത്തിയാണ് കെആര്‍ ഗൗരിയമ്മയും
ടിവി തോമസും ദാമ്പത്യം ആരംഭിക്കുന്നത്. വൈകീട്ട് പൊതുജനങ്ങൾക്ക്
നവദമ്പതികൾ വക വിരുന്നുമൊരുക്കിയിരുന്നു.
വഴുതക്കാട്ടെ വിമൻസ് കോളെജിന് എതിർവശമുള്ള രണ്ട് മന്ത്രി മന്ദിരങ്ങളുടെ
ഇടനാഴികകൾക്ക് ഇപ്പോഴും ആ തീവ്രപ്രണയത്തിന്റെ വിപ്ലവ ഓർമ്മകൾ
പറയാനുണ്ടാകും. മന്ത്രി മന്ദിരങ്ങൾക്കിടയിലെ മതിലിൽ വിവാഹത്തിനുശേഷം
ഗേറ്റ് വന്നു. ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനോടൊപ്പം തന്നെ
ദാമ്പത്യജീവിതത്തിലും ഇരുവരും പ്രാധാന്യം നൽകിയിരുന്നു
”എന്റെ വസതിയായ സാനഡുവിലായിരുന്നു ഞങ്ങളുടെ വിവാഹം. പാർട്ടി തീരുമാനം അനുസരിച്ചുള്ള വിവാഹത്തിനു താലി എടുത്തു നൽകിയതു മുഖ്യമന്ത്രി ഇഎംഎസ്ആയിരുന്നു. ഔദ്യോഗിക വിവാഹ ശേഷം പൊതുജനങ്ങൾക്കായി വൈകിട്ടു വിവാഹസൽക്കാരവും നടത്തി. കാര്യമായ ഭക്ഷണമില്ല. പാനീയവും സിഗരറ്റും മുറുക്കാനും മാത്രം. പിന്നീടു നിയമപരമായി വിവാഹം റജിസ്റ്റർ ചെയ്തു. അമ്മയും സഹോദരങ്ങളും എന്റെ വീട്ടിൽ നിന്നു പങ്കെടുത്തു. ടിവിയുടെ വീട്ടിൽ നിന്ന് ആരും പങ്കെടുത്തില്ല,” വിവാഹത്തെക്കുറിച്ച് ഗൗരിയമ്മയുടെ വാക്കുകളാണിത്.
1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഞങ്ങൾ രണ്ട് ചേരിയിലായെങ്കിലും ഞാൻ പാർട്ടിയിൽ നിന്നും അവധിയെടുത്ത് ചാത്തനാട്ടെ വീട്ടിൽ ഒന്നിച്ചു താമസിച്ചു. വീട്ടിൽ പാർട്ടിക്കാർ ആരും വരരുതെന്നും ടി വിക്ക് പ്രവർത്തനം വീടിനു പുറത്തു നടത്താമെന്നും തീരുമാനിച്ചു. ജീവിതം ഏറെക്കാലത്തിനു ശേഷം ശാന്തമായ പോലെ അക്കാലത്ത് ടി.വി. തിനിക്ക് ഒരു കശ്മീരി പട്ടുസാരി വാങ്ങിത്തന്നു. ജീവിതത്തിൽ ആദ്യമായി തരുന്ന സാരിയാണ് അതെന്നും. അതു താൻ ഇന്നും സൂക്ഷിച്ചിട്ടുണ്ടെന്നും ഗൗരിയമ്മ ഒരിക്കൽ പറഞ്ഞിരുന്നു.
ആശയപരമായി വേർപിരിഞ്ഞെങ്കിലും ഇരുവരും തമ്മിൽ ഊഷ്മളമായ ബന്ധം
നിലനിന്നിരുന്നതായി പലപ്പോഴും ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ട്. ടിവി
തോമസിന്റെ അവസാന നാളുകളിൽ പാർട്ടി അനുമതിയോടെ അദ്ദേഹത്തോടൊപ്പമായിരിക്കാൻ ഗൗരിയമ്മ സമയം കണ്ടെത്തി. അര്‍ബുദ ബാധിതനായി അപ്പോളോയിൽ ചികിത്സയിലായിരുന്ന അവസാന നാളുകളിൽ അടക്കം ടിവി തോമസിന് കൂട്ടായി ഗൗരിയമ്മ ഉണ്ടായിരുന്നു. രണ്ടാഴ്ചയോളം ബോംബെയിലെ ആശുപത്രിയിൽ ടി.വിയെപരിചരിച്ചു.പിരിയാൻ നേരം അദ്ദേഹം ഒരുപാട് കരഞ്ഞെന്ന് ഗൗരിയമ്മ ഓർക്കുന്നു. പിന്നീട് കാണാനായില്ല. 1977 മാർച്ച് 26ന് ടി.വി മരിച്ചു. തിരുവനന്തപുരത്ത് മൃതദേഹം കാണാൻ മാത്രമാണ് പോയത്. മൃതദേഹം മൂടിയിരുന്ന തുണി നീക്കി ആ മുഖമൊന്ന്കണ്ടു. ചാത്തനാട്ടെ വീട്ടിൽ മൃതദേഹം കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുെന്നങ്കിലും നടന്നില്ല എന്നും ഗൗരിയമ്മ പിന്നീട് പറഞ്ഞു.
മണ്മറഞ്ഞ ഗൗരിയമ്മയും ഭർത്താവ് ടി വി തോമസും തമ്മിലുള്ള വിവാഹ ക്ഷണകത്തിലെ വരികൾ
തിരുവനന്തപുരം
23-5-1957
സുഹൃത്തേ ,
ഞാനും കെ ആർ ഗൗരിയും വിവാഹം 1957 മെയ് മാസം 30 ന്
വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക് വധുവിന്റെ തിരുവനന്തപുരം വസതിയായ
“സനഡു” വിൽവച്ച്നടത്താൻതീരുമാനിച്ചിരിക്കുന്നതിനാൽ തദവസരത്തിൽ
താങ്കൾസന്നിഹിതനായിരുന്നു ഞങ്ങളെ അനുഗ്രഹിക്കാൻ
താല്പര്യപെട്ടുകൊള്ളുന്നു
എന്ന്
വിധേയൻ ടി വി തോമസ്
ഉപചാരപൂർവ്വം കെ ആർ ഗൗരി ,
എം.എൻ .ഗോവിന്ദൻ നായർ