കോട്ടയം: സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നും മുടങ്ങി. സെർവർ തകരാറിനെത്തുടർന്നു റേഷൻകടകളിലെ ഇ-പോസ് മെഷീനുകൾ നിശ്ചലമായതോടെ തുടർച്ചയായ അഞ്ചാം ദിവസമാണ് റേഷൻ വിതരണം മുടങ്ങുന്നത്. സെർവർ തകരാർ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായി റേഷൻ വ്യാപാരികളുടെ സംഘടനാ നേതാക്കൾ പറയുന്നു. ബിപിഎൽ, എഎവൈ വിഭാഗങ്ങൾക്കായി കേന്ദ്രം നൽകുന്ന സ്പെഷൽ അരി വിതരണം സംസ്ഥാനമൊട്ടുക്കു പൂർണമായി മുടങ്ങി. പകരം വിതരണ സംവിധാനവും ഇതുവരെ ഒരുക്കിയിട്ടില്ല. ഇ-പോസ് മെഷീൻ തകരാർ ഇനിയും പരിഹരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ അതിദരിദ്ര വിഭാഗങ്ങൾ പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യമുണ്ടാകും.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതൽ തകരാറിലായ ഇ-പോസ് മെഷീനുകളുടെ സെർവർ തകരാറാണ് ഇതേ വരെ പരിഹരിക്കാൻ സാധിക്കാത്തത്. പരിഹാരത്തിന് സർക്കാർ തയാറാകാത്തതിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നാണ് റേഷൻ വ്യാപാരികളുടെ സംശയം. 2018 ജനുവരിയിലാണ് ഇ-പോസ് മെഷീനുകൾ ഉപയോഗിച്ചുള്ള റേഷൻ വിതരണം ആരംഭിക്കുന്നത്. പല തവണ മെഷീനുകൾ കേടായും സെർവർ പ്രശ്നങ്ങൾ മൂലവും തകരാറുകൾ സംഭവിച്ചിട്ടുണ്ട്. മാസാവസാന സമയത്ത് സെർവർ മന്ദഗതിയിലാകുന്നതും പതിവായിരുന്നു. 2020 സെപ്റ്റംബറിൽ രണ്ട് ദിവസം ഭക്ഷ്യ കിറ്റ് വിതരണം ഉൾപ്പെടെ വിതരണം സെർവർ തകരാർ മൂലം തടസപ്പെട്ടിരുന്നു. സെർവറിന്റെ ശേഷി കൂട്ടി തകരാറുകൾ പരിഹരിക്കുമെന്നായിരുന്നു അന്ന് സിവിൽ സപ്ലൈസ് മന്ത്രിയുടെ ഉറപ്പ്. ഇതേ വരെ വാഗ്ദാനം നടപ്പിലായില്ല. പക്ഷേ സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും നാളുകൾ മെഷീനുകൾ പണിമുടക്കി റേഷൻ വിതരണം അവതാളത്തിലാവുന്നത്.