തിരുവനന്തപുരം: നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് എത്തിയതില്‍ കേരളത്തെ അഭിനന്ദിച്ച് ശശി തരൂര്‍. കേരളത്തില്‍ നടക്കുന്നത് സദ്ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നതാണ് കേരളഭരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സര്‍വേ പ്രകാരം പട്ടികയില്‍ അവസാന സ്ഥാനത്ത് എത്തിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയുള്ള പരിഹാസവും ട്വീറ്റില്‍ ഉണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു ട്വീറ്റ്. യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയവും എന്തെന്ന് കേരളത്തെ കണ്ടുപഠിക്കണം. അങ്ങനെയാണ് എങ്കില്‍ രാജ്യത്തിനു ഗുണം ഉണ്ടാകും. അല്ലെങ്കില്‍ അവരുടെ നിലവാരത്തിലേക്ക് രാജ്യം കൂപ്പക്കുത്തും എന്നും തരൂര്‍ പറഞ്ഞു. ആരോഗ്യസുരക്ഷ എന്താണെന്ന് യുപിയെ കണ്ട് കേരളം പഠിക്കണമെന്ന് 2017 ല്‍ യോഗി പറഞ്ഞിരുന്നു. ഈ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വാര്‍ത്തയും ട്വീറ്റിനൊപ്പം തരൂര്‍ പങ്കുവെച്ചിട്ടുണ്ട്.തരൂർ പിണറായി വിജയനെയും കേരള സർക്കാരിനെയും തുടർച്ചയായി പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിനുള്ളിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും സർക്കാരിന് അഭിനന്ദിച്ച് തരൂർ രംഗത്ത് എത്തിയത്..